print edition മീറ്ററില്ല; പുരപ്പുറത്തും ‘പവർകട്ട്’, 75,000 ഉപയോക്താക്കൾ ദുരിതത്തിൽ

സ്വന്തം ലേഖിക
Published on Aug 15, 2026, 03:47 AM | 1 min read
കൊല്ലം: ലക്ഷങ്ങൾ മുടക്കി പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിച്ച 75,000ലേറെ ഉപയോക്താക്കൾ കെഎസ്‌ഇബി മീറ്റർ നൽകാത്തതിനാൽ പൊല്ലാപ്പിലായി. ബാങ്ക് വായ്പയുടെ പലിശയും വൈദ്യുതിബില്ലും ഒരുമിച്ച് അടയ്ക്കേണ്ട സ്ഥിതിയിലാണ് ഇവർ. സൗരോർജ യൂണിറ്റിൽ ഉപയോഗിക്കുന്ന നെറ്റ് മീറ്റർ സ്വന്തമായി വാങ്ങണമെന്നാണ് കെഎസ്‌ഇബി പറയുന്നത്. സ്‌മാർട്ട് മീറ്റർ വരുന്നതോടെ ഉപയോക്താക്കൾ അതും വാങ്ങേണ്ടിവരും. നേരത്തേ മൂന്നു ലക്ഷത്തോളം പേർക്ക് കെഎസ്‌ഇബി മീറ്റർ നൽകിയിരുന്നു.
പിഎം സൂര്യഘർ പദ്ധതി സബ്‌സിഡി 2027 മാർച്ച് 31ന് അവസാനിക്കുമെന്നതിനാൽ സാധാരണയുള്ളതിന്റെ മൂന്നിരട്ടി ഉപയോക്താക്കളാണ് ഓരോ സെക്‌ഷനിലും സൗരോർജ യൂണിറ്റിനായി അപേക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മീറ്റർ ലഭ്യമാക്കാൻ സർക്കാർ ഇടപെടാത്തതാണ് തിരിച്ചടിയായത്. എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് മീറ്റർ കൃത്യസമയത്ത് ലഭ്യമാക്കിയിരുന്നു.
മൂന്നുമാസമായി പ്രതിസന്ധി തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് സൗരോർജ യൂണിറ്റ് സ്ഥാപിക്കാൻ സബ്‌സിഡി ഉൾപ്പെടെ നൽകിയിരുന്നത്.










0 comments