print edition ഇന്ത്യക്കെതിരെ യുഎസ്; ചൈനയെ തീരുവ വെട്ടിക്കാൻ "സഹായിക്കുന്നു'വെന്ന് ആരോപണം

വാഷിങ്‌ടൺ: ഇന്ത്യക്കുമേല്‍ വീണ്ടും അധികചുങ്കം അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് കടുത്ത നീക്കവുമായി അമേരിക്ക. അമേരിക്കൻ തീരുവകളിൽനിന്ന് രക്ഷപ്പെടാൻ ചൈനയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് പുതിയ ആരോപണം. ചൈനീസ് ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങൾ വഴി തിരിച്ചുവിട്ട് തീരുവ വെട്ടിക്കാന്‍ "സഹായിക്കുന്ന' രാജ്യങ്ങളില്‍ പ്രധാനി ഇന്ത്യയാണെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. പുണെ– -ഗുജറാത്ത്–ചെന്നൈ വ്യവസായ മേഖല ചൈനയെ തീരുവ വെട്ടിക്കാൻ സഹായിക്കുന്ന പ്രധാന ഇടനാഴിയാണ് ആരോപണമുണ്ട്.
നിർബന്ധിത തൊഴിലിലൂടെ നിർമിച്ച സാധനങ്ങളുടെ ഇറക്കുമതി തടയാൻ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യക്കുമേൽ പത്തു ശതമാനം തീരുവ അടുത്തിടെ അടിച്ചേല്‍പ്പിച്ചിരുന്നു. കൂടാതെ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള നിയമനിർമാണം അന്തിമഘട്ടത്തിലുമാണ്.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 2018 മുതൽ അമേരിക്ക 7.5 ശതമാനം മുതൽ 100 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തുന്നു. 2026 ജൂലൈ 24-ന് നിർബന്ധിത തൊഴിൽ നിബന്ധനകളില്‍ വീഴ്‌ചവരുത്തിയെന്ന പേരില്‍12.5 ശതമാനംതീരുവ കൂടി ചുമത്തി. പിന്നാലെ ചൈനീസ് കയറ്റുമതിക്കാർ മൂന്നാം രാജ്യങ്ങൾ വഴി സാധനങ്ങൾ തിരിച്ചുവിടാൻ തുടങ്ങിയെന്നാണ് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തുന്നത്. ഉൽപ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലെത്തിച്ച് റീപാക്കിങ്, റീലേബലിങ്, രേഖകളിൽ മാറ്റം വരുത്തൽ എന്നിവയിലൂടെ ഉൽപ്പന്നത്തിന്റെ നിർമിത രാജ്യം മാറ്റിയെഴുതി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. ഇന്ത്യക്കുപുറമെ കാനഡ, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളെയും ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നു.2025-ൽ മാത്രം മെക്‌സിക്കോ, ഇന്ത്യ, വിയറ്റ്നാം രാജ്യങ്ങൾവഴി ഏകദേശം 67 ബില്യൺ ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിയെന്നും ഇതുവഴി അമേരിക്കൻ സർക്കാരിന് 28 ബില്യൺ ഡോളറിന്റെ നികുതി നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.
അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍ നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കെതിരെ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.










0 comments