print edition പൊന്നോണം പൊള്ളും; ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ച് വിലക്കയറ്റം

സ്വന്തം ലേഖിക
Published on Aug 15, 2026, 04:20 AM | 1 min read
തിരുവനന്തപുരം : ഓണത്തിന് നാടൊരുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ച് വിലക്കയറ്റം. അവശ്യസാധനവില കുതിച്ചുയരുന്നത് കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. സർക്കാരിന്റെ വിപണി ഇടപെടൽ കുറഞ്ഞതാണ് വില കുത്തനെ ഉയരാനിടയാക്കിയതെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. പൊന്നി അരിക്ക് 10 രൂപയുടെ വർധനയാണുണ്ടായത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്‌നാട് കുറുവയ്ക്ക് അഞ്ച് രൂപയും കൂടി. പച്ചക്കറിവില കുതിക്കുകയാണ്. ഓണമടുക്കുമ്പോൾ വില ഇനിയും കൂടും.

ഏപ്രിൽ–മെയ് മാസങ്ങളിൽ 35 രൂപയ്‌ക്ക് കിട്ടിയിരുന്ന നേന്ത്രക്കായ വില ഇപ്പോൾ കിലോയ്ക്ക് 70–80 രൂപവരെയായി. കുലയൊന്നിന് 1200 രൂപ വരെയായി. ഇതോടെ ശർക്കരവരട്ടി, ചിപ്‌സ് വിലയും കുതിച്ചുയർന്നു. ചിപ്‌സ് കിലോയ്ക്ക് 540 രൂപയ്ക്കും ശർക്കര വരട്ടിക്ക് 580 രൂപയ്‌ക്കുമാണ് ചില്ലറ വിൽപ്പന. ഞാലിപ്പൂവന്റെ വില 90 രൂപയിലെത്തി. അഞ്ച് ദിവസംകൊണ്ട് കിലോയ്ക്ക് 20 രൂപവരെ കൂടി. പൂവില ദിനംപ്രതി കൂടുന്നുണ്ട്. ജമന്തി കിലോയ്ക്ക് 80 രൂപയും അരളി 250 രൂപയുമായി.
മുൻ സർക്കാരിന്റെ കാലത്ത് ജനക്ഷേമ പദ്ധതികളിലൂടെ അവശ്യസാധന വില നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാലിന്ന്, യുഡിഎഫ് സർക്കാർ കാര്യക്ഷമമായ വിപണി ഇടപെടൽ നടത്താത്തതും ഹോർട്ടിക്കോർപ്പ് വഴി പച്ചക്കറി സംഭരിക്കുന്നതിൽ വീഴ്‌ചവരുത്തിയതും വിലക്കയറ്റത്തിന്റെ കാഠിന്യംകൂട്ടി. സപ്ലൈകോവഴി കൂടുതൽ അരി ലഭ്യമാക്കിയിരുന്നെങ്കിൽ വിലവർധന തടയാമായിരുന്നെന്ന് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ജനം അഭിപ്രായപ്പെടുന്നു.










0 comments