print edition ലഹരിമാഫിയ... അതിലൊരു ത്രില്ലില്ല; കുത്തിത്തിരിപ്പുകൾ പാസ് ചെയ്യുന്നത് വിവാദനായകനായ ഐഎഎസ് ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ
Published on Aug 15, 2026, 04:15 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തനടക്കം യൂത്ത്‌കോൺഗ്രസ് നേതാക്കൾ എംഡിഎംഎയുമായി പിടിയിലായ സംഭത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ തരികിട കളിച്ച് മാധ്യമങ്ങൾ. സർക്കാർ ഖജനാവിന് ഒരു രൂപപോലും നഷ്ടംവരാത്ത അർജന്റീന ഫുട്‌ബോൾ ടീമിന്റെ സന്ദർശനവിഷയം ഇതിനായി തള്ളിവിടുകയാണ്. കുത്തിത്തിരിപ്പുകൾ പാസ് ചെയ്യുന്നത് വിവാദനായകനായ ഐഎഎസ് ഉദ്യോഗസ്ഥൻ.
ഉറ്റ സഹായി എംഡിഎംഎയുമായി പിടിയിലായതിൽനിന്നും തടിയൂരാൻ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം ഹാഫ്‌ടൈം ആകുംമുന്പേ പൊളിഞ്ഞു. ഇതോടെ ആഭ്യന്തരമന്ത്രി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ‘തൂഫാൻ’ സതീശന്റെ റെഡ്‌കാർഡ് കണ്ട് പുറത്തുമായി. ഇതോടെയാണ് സർക്കാർവിലാസം മാധ്യമങ്ങൾ സംഘംചേർന്ന് അർജന്റീനയെ പന്ത് തട്ടുന്നത്.
അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (എഎഫ്എ) സ്‌പോൺസറും തമ്മിലാണ് കരാർ ഉണ്ടാക്കിയത്. ഇതിൽ സർക്കാരിന് ഒരു ബാധ്യതയുമില്ല. കേന്ദ്ര കായിക, ധനമന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയിരുന്നു. സ്‌പോൺസർക്ക് പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്‌പോൺസർ പണമടച്ചത്. എന്നിട്ടും സർക്കാരിന്റെ 126 കോടി രൂപ നഷ്ടമായെന്ന വിധത്തിലാണ് വാർത്ത. ഇത് പൊളിഞ്ഞതോടെ മന്ത്രിയുടെ നേതൃത്വത്തിൽ സ്‌പെയിനിൽ പോയതിന് ചെലവായ 13 ലക്ഷം രൂപ നഷ്ടമെന്ന നിലയിലായി. 2024ൽ കായികമന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദർശനത്തിൽ ഒരു ടീമിനെയും ക്ഷണിക്കലായിരുന്നില്ല അജൻഡ. അന്ന് ഇതേ മാധ്യമങ്ങളിൽ വന്ന വാർത്ത ഇതിന് തെളിവാണ്. ലാ ലിഗയുമായുള്ള കൂടിക്കാഴ്ചയിൽ ഫുട്‌ബോൾ പരിശീലനം, കായികാനുബന്ധ കോഴ്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് സഹകരണ വാഗ്ദാനം ലഭിച്ചത്. കേരളത്തിൽ ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കാൻ സാന്തിയാഗോയിലെ ബെർണബ സ്റ്റേഡിയവും സംഘം സന്ദർശിച്ചു.










0 comments