print edition പുനർജനിയിൽ വിവരാവകാശ രേഖ; അന്വേഷണം തീർന്നില്ലെന്ന് വിജിലൻസ്

വി ഡി സതീശൻ

സി കെ ദിനേശ്
Published on Aug 15, 2026, 04:22 AM | 1 min read
തിരുവനന്തപുരം: പുനർജനി ഫണ്ട് തട്ടിപ്പിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് വിജിലൻസ്. കേസിൽ അന്വേഷണം അവസാനിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ വിജിലൻസ് ഡയറക്‌ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കാണ് ഇപ്രകാരം മറുപടി ലഭിച്ചത്. ‘അന്വേഷണത്തിന്റെ നടപടികൾ അവസാനിക്കാത്തതിനാൽ ഇതുസംബന്ധിച്ച വിവരങ്ങളോ രേഖകളോ നൽകാൻ നിർവാഹമില്ല’ എന്നാണ് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മറുപടി.
അന്വേഷണം തീരാത്ത കേസ് അവസാനിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത് ദുരൂഹമാണ്. ഇതിനുപിന്നാലെ ‘താൻ ക്ലീൻ’ ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും അവകാശപ്പെട്ടിരുന്നു.
ജൂലൈ 29നാണ് രമേശ് ചെന്നിത്തല അപ്രതീക്ഷിതമായി സതീശന് ക്ലീൻചിറ്റ് നൽകുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ആഗസ്‌ത് എട്ടിനാണ് അന്വേഷണം തുടരുന്നതായി സൂചിപ്പിക്കുന്ന വിജിലൻസ് മറുപടി.
പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27 മുതൽ 2022 മാർച്ച് എട്ടുവരെ അതിൽ പണം കൈമാറുകയും ചെയ്‌തിട്ടുണ്ട്. 1.27 കോടി പിരിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പണം പിരിച്ചത് എഫ്‌സിആർഎ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണവും ശപാർശ ചെയ്‌തു. കാര്യങ്ങളിൽ വ്യക്തതവരുത്താൻ തുടരന്വേഷണം നടക്കുമ്പോഴായിരുന്നു ക്ലീൻചിറ്റ് പ്രഖ്യാപനം. അധികാരത്തിലേറി 70 ദിവസത്തിനകം കേസ് എഴുതിത്തള്ളാൻ വ്യഗ്രത കാണിച്ചതിനുപിന്നിൽ നിയമലംഘനങ്ങൾ പടിക്കപ്പെടുമെന്ന ഭീതിയുണ്ട്.
2018ലെ പ്രളയത്തെത്തുടർന്ന് പറവൂരിൽ വീട് നിർമിച്ച് നൽകാൻ തയ്യാറാക്കിയ പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്നടക്കം പണപ്പിരിവ് നടത്തി വെട്ടിച്ചുവെന്നായിരുന്നു കേസ്.










0 comments