print edition റെയിൽപ്പാളത്തിന് ചുറ്റും സുരക്ഷാവേലി; 150 കിലോമീറ്റർ വേലിക്ക് 87.6 കോടിയുടെ പദ്ധതി


പി വി ജീജോ
Published on Aug 15, 2026, 03:04 AM | 1 min read
കോഴിക്കോട്: സംസ്ഥാനത്ത് വേഗമേറിയ ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കാൻ 150 കിലോമീറ്റർ സുരക്ഷാവേലി സ്ഥാപിക്കാനുള്ള പദ്ധതിയുമായി റെയിൽവേ. വടക്കൻ കേരളത്തിലാണ് 150 കിലോമീറ്റർ നീളത്തിൽ ട്രാക്കിനോടുചേർന്ന് സുരക്ഷാവേലി പണിയുക.
പയ്യന്നൂർ–ബേക്കൽ കോട്ട, കൊയിലാണ്ടി–തലശേരി മേഖലകളിലായാണ് സുരക്ഷാവേലിക്ക് പദ്ധതി. 87.6 കോടിയുടെ പദ്ധതിക്ക് ടെൻഡറായി. സുരക്ഷാവേലി സ്ഥാപിക്കുന്നതിലൂടെ വന്ദേഭാരതിന്റെ വേഗം 130ൽനിന്ന് 150 കിലോമീറ്ററായി മാറും. മറ്റ് വണ്ടികളുടേത് 130 കിലോമീറ്ററുമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, പാളങ്ങൾക്ക് ഇരുഭാഗത്തുമായി കൊട്ടിയടച്ച് വേലി കെട്ടുന്നത് തദ്ദേശവാസികൾക്ക് വലിയ കുരുക്കാകുമെന്ന ആശങ്കയുണ്ട്.
പയ്യന്നൂർ–ബേക്കൽ കോട്ട ഭാഗത്ത് 70 കിലോമീറ്റർ നീളത്തിലാകും സുരക്ഷാവേലി കെട്ടുക. 7.4 കിലോമീറ്റർ അതിർത്തി തിരിച്ച് മതിലും സ്ഥാപിക്കും. 45.63 കോടി രൂപ ചെലവിലാണീ പദ്ധതി. രണ്ടാമത്തെ പദ്ധതി കൊയിലാണ്ടി–തലശേരി മേഖലയിലാണ്. ഇവിടെ 80 കിലോമീറ്റർ സുരക്ഷാവേലിയും 0.7 കിലോമീറ്റർ മതിലും നിർമിക്കും.
പദ്ധതി ചെലവ് 42.01 കോടി രൂപ. രണ്ട് പ്രവൃത്തികളും ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാക്കിന് സമീപം സ്ഥാപിക്കുന്ന വേലിക്ക് സ്റ്റീലാണ് ഉപയോഗിക്കുക. അതിർത്തി മതിലിനായി പ്രീ-സ്ട്രെസ്ഡ് പ്രീകാസ്റ്റ് പാനലുകളും പ്രീകാസ്റ്റ് കോളങ്ങളുമാണ് ഉപയോഗിക്കുക. റെയിൽവേ പാതയ്ക്ക് ഭൗതികമായ സുരക്ഷാവേലി ഒരുക്കുന്നതിലൂടെ ആളുകൾ, മൃഗങ്ങൾ, മറ്റ് തടസ്സങ്ങൾ എന്നിവ ട്രാക്കിലേക്ക് പ്രവേശിക്കുന്നത് തടയാമെന്നാണ് റെയിൽവേ വിലയിരുത്തൽ. പശുക്കളും മറ്റും വന്നിടിച്ചതിലൂടെ വന്ദേഭാരതിനടക്കം തടസ്സം നേരിട്ട പശ്ചാത്തലത്തിലാണീ പദ്ധതി.
വേലിക്കെട്ടാകുമോ, സമീപവാസികൾക്ക് ആശങ്ക
റെയിൽ പാളത്തിനിരുഭാഗത്തും താമസിക്കുന്നവർ ഒറ്റപ്പെടാനും സഞ്ചാര സ്വാതന്ത്ര്യത്തിനും ദീർഘദൂരത്തിലുള്ള വേലിക്കെട്ട് വിലങ്ങാകുമെന്ന ആശങ്കയുണ്ട്. പാളത്തിനിരുഭാഗത്തുമായി താമസിക്കുന്നവർ ഒറ്റപ്പെടാനും, കച്ചവടക്കാർ–സമീപവാസികൾ എന്നിവരുടെ യാത്രക്കും പ്രയാസമുണ്ടാകും. ബദൽ സൗകര്യങ്ങളോ താൽക്കാലിക വഴികളോ ഒരുക്കാതെ വേലികെട്ടരുതെന്നാണാവശ്യം. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടില്ലെങ്കിൽ വർഷങ്ങളായുള്ള വഴി കൊട്ടിയടക്കപ്പെടുന്ന സ്ഥിതിവരുമെന്നാണ് ശങ്ക.









0 comments