എന്നും മുഴങ്ങുന്ന "വരിക വരിക സഹജരേ'; മറക്കാനാകാത്ത വിപ്ലവാവേശം

അംശി നാരായണപിള്ള
ബി ആർ അജീഷ് ബാബു
Published on Aug 15, 2026, 03:14 AM | 1 min read
പാറശാല: സ്വാതന്ത്ര്യത്തിന്റെ സ്മരണ രാജ്യം കൊണ്ടാടുമ്പോള്‍ അതിനൊപ്പം ജ്വലിച്ച ഈരടികൾക്ക് ഇന്നും മറക്കാനാകാത്ത വിപ്ലവാവേശം. സ്വാതന്ത്ര്യസമര സേനാനി അംശി നാരായണപിള്ള പാടിയ "വരിക വരിക സഹജരേ സഹന സമര സമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്ക് പോക നാം' എന്ന ദേശഭക്തിഗാനത്തെ ആവേശത്തോടെയാണ് കേരളം നെഞ്ചേറ്റിയത്.
ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി വടകരയിൽനിന്ന് പയ്യന്നൂരിലേക്ക് നടന്ന മാർച്ചിനുവേണ്ടി രചിച്ച ഗാനം ഇന്നും തെളിമയോടെ ആലപിക്കുന്നു. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്തിന് സമീപത്തെ അംശിയില്‍ 1896ലാണ് നാരായണപിള്ള ജനിച്ചത്. തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽനിന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത അംശി നാരായണപിള്ള സ്വാതന്ത്ര്യസമര രംഗത്ത് വലിയ ആവേശമായിരുന്നു. "വരിക വരിക സഹജരേ' എന്ന പാട്ട് തിരുവനന്തപുരംമുതൽ കണ്ണൂർവരെ മുഴങ്ങി. എക്കാലത്തെയും മികച്ച പോരാട്ട ഗാനങ്ങളുടെ പട്ടികയിലാണ് ഇത് ഇടം നേടിയത്. സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുമ്പോള്‍ വീണ്ടും ഇൗ ഗാനം ആഘോഷിക്കപ്പെടുകയാണ്.
ഹരിജനോദ്ധാരണ നേതാവ് പാറശാല രാമകൃഷ്ണൻ തമ്പി, തിരുമുഖത്ത് ചെമ്പകരാമൻ, ടി സി ആർ സഹദേവൻ നായർ, കെ എൽ സുന്ദരേശൻതമ്പി, പി സദാശിവ പണിക്കർ, സിറിൾ ഫ്രാൻസിസ്, റൊട്ടിക്കട ചെല്ലപ്പപണിക്കർ, ചെറുവാരക്കോണം ജോണി, കെ സി പണിക്കർ, എൻ പരമേശ്വരപണിക്കർ, ശ്രീധരൻ തമ്പി, ചെല്ലക്കണ്ണ് നാടാർ, ചെങ്കൽ പുരുഷോത്തമൻനായർ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകരായ വി തങ്കയ്യ, കെ പൊന്നപ്പ പിള്ള, പരശുവയളക്കൽ വാസുദേവൻപിള്ള, എ സുകുമാരൻ എന്നിവരെല്ലാം സ്വാതന്ത്ര്യസമരത്തില്‍ പോരാടിയ പാറശാലയുടെ അഭിമാനങ്ങളാണ്.










0 comments