print edition മൊത്തവില സൂചിക വിലക്കയറ്റം 9.78 ശതമാനം; കഴിഞ്ഞ 19 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന തോത്

സ്വന്തം ലേഖകൻ
Published on Aug 15, 2026, 03:33 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നു. ജൂലൈയിൽ 9.78 ശതമാനമാണ് വിലക്കയറ്റം. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം 10 ശതമാനത്തിന് അടുത്തായി തുടരുന്നത്. മെയ് മാസത്തിൽ 9.88 ശതാനമായിരുന്നു. ഇത് കഴിഞ്ഞ രണ്ടുവർഷ കാലയളവിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമായിരുന്നു. ജൂണിൽ 9.87 ശതമാനമാണ് വിലക്കയറ്റം. 2022–23 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിലെ മൊത്തവില സൂചിക.
ഇന്ധന– ഉൗർജ മേഖലയിൽ വിലക്കയറ്റം 20.05 ശതമാനമാണ്. മെയ് മാസത്തിൽ ഇത് 30.33 ശതമാനവും ജൂണിൽ 27.41 ശതമാനവുമായിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 6.66 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ 19 മാസകാലയളവിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ തോതാണിത്. ജൂണിൽ 6.14 ശതമാനമായിരുന്നു ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം.
തുണിത്തരങ്ങളുടെ വിലക്കയറ്റം ജൂലൈയിൽ 12.8 ശതമാനത്തിലെത്തി. ജൂണിൽ ഇത് 10.85 ആയിരുന്നു. അടിസ്ഥാന ലോഹങ്ങളുടെ വിലക്കയറ്റം 12.31ൽ നിന്നും 12.56 ശതമാനവും പ്രാഥമിക വസ്‌തുക്കളുടെ വിലക്കയറ്റം ഏഴ് ശതമാനത്തിൽ നിന്നും 8.52 ലും എത്തി. നിർമിത ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 7.48ൽ നിന്നും 8.52 ശതമാനവും രാസവസ്‌തുക്കളുടെ വിലക്കയറ്റം 12.78ൽ നിന്നും 13.12 ശതമാനവും റബ്ബർ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 9.94 ശതമാനത്തിൽ നിന്നും 10.38 ശതമാനവുമായി.
കഴിഞ്ഞ വർഷം ജൂലൈയിൽ 0.79 ശതമാനമായിരുന്നു മൊത്തവില സൂചിക വിലക്കയറ്റം. ഇതാണ് ഇൗ വർഷം ജൂലൈയിൽ 9.78 ശതമാനത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ മാർച്ചിൽ 3.98 ശതമാനം മാത്രമായിരുന്ന വിലക്കയറ്റം ഏപ്രിലിൽ 8.36 ശതമാനത്തിലേക്ക് ഉയർന്നു. തുടർന്നുള്ള മൂന്ന് മാസങ്ങളിൽ 10 ശതമാനത്തിന് അടുത്തായി. വിലക്കയറ്റം നാല് ശതമാനത്തിൽ താഴെയായി പിടിച്ചുനിർത്തണമെന്ന നിലപാടാണ് ആർബിഐയ്‌ക്കുള്ളത്.










0 comments