വായ്‌പാത്തട്ടിപ്പ്; ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി

മുക്കം ശ്രീരാം ഫിനാൻസിന് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം
കുറ്റ്യാടി/ മുക്കം ഇടപാടുകൾ ഇല്ലാത്തവരുടെ പേരിൽ ലക്ഷങ്ങളുടെ ലോൺ തട്ടിപ്പ് നടന്നതായി ശ്രീറാം ഫൈനാൻസിനെതിരെ പരാതി. കുറ്റ്യാടി, മുക്കം ശാഖകളിൽ തട്ടിപ്പ് നടന്നതായാണ് പരാതി ഉയർന്നത്. മുക്കം ശാഖയിൽ ഇടപാടുകാർ പ്രതിഷേധിച്ചു. കുറ്റ്യാടി കാവിലുംപാറ കരിങ്ങാട് സ്വദേശി വി കെ മഹേഷ് ലോൺ എടുക്കാൻ മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോഴാണ് ഇയാളുടെ പേരിൽ ശ്രീറാം ഫൈനാൻസിൽ ലോറിക്ക് ലോൺ എടുത്തതായി അറിഞ്ഞത്. സിബിൽ സ്കോർ പരിശോധിച്ചപ്പോഴും അതിൽ ലോണുള്ളതായി വ്യക്തമായി. ശ്രീറാം ഫൈനാൻസുമായി ഒരിടപാടും നടത്താത്തവരുടെ പേരിൽപോലും ലോണുള്ളതായി കണ്ടു. ഈ വിവരം മഹേഷ് സുഹൃത്തുക്കളെ അറിയിച്ചപ്പോഴാണ് പലരും സമാന തട്ടിപ്പിന് ഇരയായതായി അറിയുന്നത്. മുക്കം പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് ശാഖക്കെതിരെയും സമാന പരാതി ഉയർന്നു. ഒന്ന് മുതൽ ആറ് ലക്ഷം രൂപവരെയാണ് ഇടപാടുകാർ അറിയാതെ വായ്‌പ എടുത്തത്. പലരുടെയും സിബിൽ സ്കോർ താഴുകയും മറ്റ് സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇടപാടുകാർ മുക്കത്തെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ സാങ്കേതിക തകരാർ സംഭവിച്ചതാണെന്നാണ് വിശദീകരണം നൽകിയതെന്ന് പരാതിക്കാർ പറയുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി.










0 comments