കാവ്യഭാവനയ്ക്ക് അരുവിപ്പുറത്ത് ശിൽപ്പരൂപം

മഹാകവി കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യിലെ രംഗം ആസ്പദമാക്കി അരുവിപ്പുറത്ത് ഒരുക്കിയ ശിൽപ്പം
നെയ്യാറ്റിൻകര
മഹാകവി കുമാരനാശാന്റെ വിഖ്യാത കാവ്യമായ ‘ചണ്ഡാലഭിക്ഷുകി’യിലെ രംഗത്തിന് അരുവിപ്പുറത്ത് ശിൽപ്പരൂപമൊരുങ്ങി. ശിൽപ്പത്തിന്റെ അനാവരണം 25-ന് വൈകിട്ട് മൂന്നിന് മന്ത്രി പി സി വിഷ്ണുനാഥ് നിർവഹിക്കും. ചണ്ഡാലയുവതിയായ മാതംഗിയിൽനിന്ന് ബുദ്ധഭിക്ഷുവായ ആനന്ദൻ കൈക്കുമ്പിളിൽ ദാഹജലം സ്വീകരിക്കുന്ന രംഗമാണ് സിമന്റിൽ തീർത്തിരിക്കുന്നത്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു വിശ്രമിച്ചിരുന്ന മന്ദിരത്തിനുസമീപമുള്ള ചരിത്രപ്രസിദ്ധമായ കിണറിനോട് ചേർന്നാണ് ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. മന്ദിരത്തിൽ താമസിക്കുമ്പോൾ മുന്നിലുള്ള കിണർ ഭാവനയിൽ കണ്ടാണ് ആശാൻ ചണ്ഡാലഭിക്ഷുകി രചിച്ചതെന്നാണ് കരുതപ്പെടുന്നത്. ആ ചരിത്രസ്മരണകൾക്ക് പുതുജീവൻ നൽകുന്നതാണ് പുതിയ നിർമിതി. ചണ്ഡാലയുവതിക്ക് ആറടിയും മുട്ടുകാലിലിരുന്ന് ജലം സ്വീകരിക്കുന്ന ബുദ്ധഭിക്ഷുവിന് നാലരയടിയുമാണ് ഉയരം. അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ ആശയത്തിലാണ് ശിൽപ്പം യാഥാർഥ്യമായത്. കുറ്റിച്ചൽ സ്വദേശികളായ ഷമ്മികുമാർ, പൂവച്ചൽ ശ്രീഹർഷൻ എന്നിവരാണ് നിർമാതാക്കൾ. മുണ്ടക്കയം സ്വദേശിയായ ഡോ. അനിയനും ഭാര്യ ഡോ. ഗീത അനിയനുമാണ് ശിൽപ്പനിർമാണത്തിനുള്ള ചെലവ് വഹിച്ചത്.







0 comments