ഞാറനീലി പട്ടികവർഗ സർവീസ് സഹ. സംഘം
രാഷ്ട്രീയമുതലെടുപ്പിനായി അപകീർത്തിപ്പെടുത്തരുത്

വിതുര
പെരിങ്ങമ്മലയിലെ ഞാറനീലി പട്ടികവർഗ സർവീസ് സഹകരണ സംഘത്തെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ തെറ്റെന്ന് ഭരണസമിതി. പ്രദേശത്തെ ആദിവാസി കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ എംഎഫ്ഇ കളക്ഷൻ, ഹയർ സർവീസ്, വിദ്യാഭ്യാസ ലോണുകൾ, കുടുംബശ്രീ ലോണുകൾ, എംഡിഎസ് ഉൾപ്പെടെയുള്ള സേവനങ്ങൾ സംഘംവഴി നടന്നുവരുന്നു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി ഭരണസമിതികൾ സ്ഥാപനത്തിൽ ഭാരവാഹികളുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ കോർപ്പസ് ഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ബിജെപിയിലെ ചില രാഷ്ട്രീയ കക്ഷി ഇടപെടൽ പണികൾ തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ഭരണസമിതിയുടെ വിശദീകരണം. സംഘത്തിന്റെ ഗോഡൗൺ കെട്ടിട നിർമാണവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് നടന്നത്. കെട്ടിട നിർമാണം, സ്ഥാപന പരിപാലനം എന്നിവയിൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്ന് പരാതിയും ഉയർന്നിരുന്നു. ഗോഡൗൺ കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്വം നിലവിലെ ഭരണസമിതിയിൽ ചുമത്തി മുൻചുമതലക്കാർ കഴിഞ്ഞ ദിവസം പത്രവാർത്ത നൽകിയിരുന്നു. ഈ വാർത്ത നീതിയുക്തമല്ലെന്നും സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥയുടെ യഥാർഥ കാരണങ്ങൾ അന്വേഷിക്കണമെന്നും നിലവിലെ ഭരണസമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയമുതലെടുപ്പിനായി ചരിത്രം വളച്ചൊടിക്കരുതെന്നും യഥാർഥ സാഹചര്യം മനസ്സിലാക്കാതെ കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥമാത്രം ചൂണ്ടിക്കാട്ടി സംഘത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തരുതെന്നും സംഘം പ്രസിഡന്റ് രമ്യ പറഞ്ഞു.







0 comments