കടകം പാലം നിർമാണം ഇഴയുന്നു

ചിറയിൻകീഴ്
ചിറയിൻകീഴ് പഞ്ചായത്തിലെ കടകം–പുളുന്തുരുത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം ഇഴയുന്നു. ദേശീയ ജലപാതയ്ക്കു കുറുകെ കടകം ഗവ. എൽപി സ്കൂളിന് സമീപം ഒരുവർഷം മുമ്പ് ആരംഭിച്ച നിർമാണമാണ് എങ്ങുമെത്താതെ നീളുന്നത്. ഇൻലാൻഡ് നാവിഗേഷനാണ് നിർമാണച്ചുമതല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഉൾനാടൻ ജലഗതാഗത വകുപ്പുവഴി 26 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. എട്ട് ലാൻഡ് സ്പാനുകളും 40 മീറ്റർ നീളമുള്ള മെയിൻ സ്പാനും അപ്രോച്ച് റോഡുകളും ഉൾപ്പെടുന്ന നിർമാണ പ്രവൃത്തികൾ ഭാഗികമായി മാത്രമാണ് പൂർത്തിയായത്. പാലം നിർമാണം ആരംഭിച്ചതോടെ പ്രദേശത്തെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ പുളുന്തുരുത്തിയിലേക്ക് മുസലിയാർ എൻജിനിയറിങ് കോളേജ് റോഡിലൂടെ കിലോമീറ്ററുകൾ ചുറ്റി വേണം യാത്രചെയ്യാൻ. നിർമാണം പൂർത്തിയായാൽ മുതലപ്പൊഴി തുറമുഖവുമായി ബന്ധപ്പെടുത്തി മത്സ്യവിപണനത്തിനും ഏറെ പ്രയോജനപ്പെടും. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാകാത്തത് മേഖലയിലെ കുടുംബങ്ങളുടെ യാത്രാദുരിതം വർധിപ്പിക്കുന്നു.






0 comments