Deshabhimani

 ഓൺലൈൻ മീഡിയയല്ല, ബ്ലാക്ക് മെയിലിങ് സംഘം

വാർത്ത നൽകിയും മുക്കിയും തട്ടിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2026, 04:43 AM | 1 min read

കഴക്കൂട്ടം

ഓൺലൈൻ മീഡിയയുടെയും സോഷ്യൽമീഡിയ പേജുകളുടെയും മറവിൽ കഴക്കൂട്ടം കേന്ദ്രീകരിച്ച്‌ ബ്ലാക്ക് മെയിലിങ് സംഘം ലക്ഷങ്ങളുടെ കൊള്ള നടത്തുന്നെന്ന്‌ പരാതി. അപവാദ പ്രചാരണം നടത്തിയും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന ഈ സംഘം, വസ്തുതാവിരുദ്ധ വാർത്തകൾ നൽകിയും ചിലത്‌ മുക്കിയുമാണ്‌ തട്ടിപ്പ് നടത്തുന്നത്‌. കഴക്കൂട്ടം, കഠിനംകുളം, ശ്രീകാര്യം, തുമ്പ, പോത്തൻകോട്, മംഗലപുരം എന്നിവിടങ്ങളിലാണ്‌ സംഘത്തിന്റെ പ്രവർത്തനം. പ്രാദേശിക വാർത്താ ചാനൽ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്‌ തട്ടിപ്പ്‌. പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വാർത്താ നിർമിതി. കേസുകളിൽ പ്രതികൾ പിടിയിലാകുമ്പോൾ ക്യാമറകളുമായി സ്റ്റേഷനിലെത്തി പ്രതികളുടെ ബന്ധുക്കളെയും കാണും. എല്ലാ മാധ്യമങ്ങളിലും വാർത്ത വരുമെന്ന് ഭീഷണിപ്പെടുത്തി ഇവരിൽനിന്ന്‌ പണം വാങ്ങും. ഇവർ പണം നൽകിയില്ലെങ്കിൽ പരാതിക്കാരനെ കണ്ട് പ്രതിയുടെ വീഡിയോ എടുത്ത് വാർത്ത ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങും. ഇത്തരം സംഘങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ സർവത്ര സ്വാതന്ത്ര്യമാണ്. പൊലീസ് ഉദ്യോഗസ്‌ഥർക്കുവേണ്ടിയും സംഘം പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്‌. പൊലീസുകാർക്ക് എതിരെ പരാതി ഉയർന്നാൽ അത് ഒതുക്കിത്തീർക്കാനും ഇവർ മുൻപന്തിയിലുണ്ട്. പ്രമുഖ മാധ്യമങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട ക്ലബ്ബിന്റെ ഭാരവാഹികൾ എന്നുപറഞ്ഞാണ് ചില ഫെയ്‌സ്‌ബുക്ക് പേജുകൾ തട്ടിപ്പ് നടത്തുന്നത്. എന്നാൽ, മാധ്യമസ്‌ഥാപനങ്ങളിലെ പ്രാദേശിക ലേഖകരാരും ക്ലബ്ബിൽ അംഗങ്ങളല്ല. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രികളിൽനിന്ന് ഇക്കൂട്ടർ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ശസ്‌ത്രക്രിയയിൽ ചികിത്സാ പിഴവുണ്ടായെന്ന വാർത്ത പ്രചരിപ്പിച്ചാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കോൺഗ്രസ്‌ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ പ്രവർത്തിക്കുന്നത്. പേട്ടയിൽ സ്വകാര്യ ആശുപത്രി ഉടമയിൽനിന്ന്‌ 10 ലക്ഷം രൂപ തട്ടിയതിന് പിടിയിലായ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാനുമായി നേരത്തെ അടുത്ത ബന്ധമായിരുന്നു ഇവർക്ക്. രണ്ട്‌ വർഷംമുന്പ് ഇവർ തെറ്റിപ്പിരിഞ്ഞശേഷം രണ്ട് ഗ്രൂപ്പുകളായാണ് പ്രവർത്തിക്കുന്നത്. പലതവണ പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇവർക്ക് എതിരെ അന്വേഷണം നടത്താനോ ഇവരെ സ്റ്റേഷനുകളിൽനിന്ന് അകറ്റാനോ ഉദ്യോഗസ്‌ഥർ തയ്യാറാകുന്നില്ല. ആറുമാസംമുന്പ് പരാതി ഉയർന്നപ്പോൾ സ്റ്റേഷനിൽ എത്തുന്ന മാധ്യമപ്രവർത്തകരുടെ ഐഡി കാർഡ് നിർബന്ധമായി പരിശോധിക്കണമെന്ന് ഡിജിപി നിർദേശം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പരിശോധന നിലച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home