പ്രതിഷേധം കനത്തു, യുഡിഎഫ് പ്ലാൻ പാളി
ഒടുവിൽ മൂന്നാം റോ റോ സർവീസിനിറക്കി

മൂന്നാം റോ റോ ഞായറാഴ്‌ച സർവീസ് നടത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Nov 23, 2026, 02:56 AM | 1 min read
കൊച്ചി
ഒടുവിൽ മൂന്നാം റോ റോ സർവീസിനിറക്കി. പ്രതിഷേധം കനത്തതും കണക്കുകൂട്ടലുകൾ പൊളിഞ്ഞതിനെയും തുടർന്നാണ് ഗത്യന്തരമില്ലാതെ കൊച്ചി കോർപ്പറേഷൻ യുഡിഎഫ് ഭരണസമിതിയുടെ നടപടി. തിങ്കളാഴ്‌ച മുതൽ സർവീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലുള്ള രണ്ട് റോ റോകളിലൊന്ന് തകരാറിലായതോടെ ഞായർ വൈകിട്ടോടെ പുതിയത് സർവീസിനിറക്കി. കെഎസ്‌ഐഎൻസിക്ക് തന്നെയാണ് നിലവിൽ നടത്തിപ്പ് ചുമതല. ശനിയാഴ്‌ച പുതിയ റോറോയുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനിടയിലാണ് സേതുസാഗർ രണ്ടിന് തകരാറുണ്ടായപ്പോൾ പകരം പുതിയ മൂന്നാം റോ റോ സർവീസ് നടത്തിയത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും റോ റോ സർവീസിനിറക്കാൻ യുഡിഎഫ് ഭരണസമിതി തയ്യാറായിരുന്നില്ല. നിലവിലുള്ള രണ്ട് റോ റോകളിലൊന്ന് തുടർച്ചയായി തകരാറിലാകുന്നത് യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. യാത്രാക്ലേശം രൂക്ഷമായിട്ടും പുതിയ ത് സർവീസിനിറക്കാത്തതിൽ എൽഡിഎഫ് ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കൊച്ചി കപ്പൽശാലയിൽ സൂക്ഷിച്ചിരുന്ന റോ റോ കൊണ്ടുപോകണമെന്ന് നിർമാതാക്കളായ കപ്പൽശാല കോർപറേഷനോട് ആവശ്യപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് ഭരണസമിതിയുടെ നടപടി. എൽഡിഎഫ് ഭരണസമിതിയുടെ കാലയളവിലാണ് ഫോർട്ട്‌കൊച്ചി–വൈപ്പിൻ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നാം റോ റോ നിർമിക്കാൻ നടപടി സ്വീകരിച്ചത്. അക്കാലയളവിൽ തന്നെ ഭൂരിഭാഗം നിർമാണ പ്രവൃത്തികളും പൂർത്തീകരിച്ചിരുന്നു. ചുരുക്കം ചില പ്രവൃത്തികൾ മാത്രമാണ് ശേഷിച്ചിരുന്നത്. ഇതിനിടയിൽ കോർപറേഷനിൽ ഭരണമാറ്റമുണ്ടായി. റോ റോ നടത്തിപ്പുമായി ബന്ധപ്പെട്ട് ‘ചില ഇടപാടുകൾ’ ഭരണസമിതി മനസിൽ കണ്ടിരുന്നു. ഇത് നടത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് മൂന്നാം റോ റോ സർവീസ് വൈകിപ്പിച്ചത്. നീക്കങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഒരേസമയം മൂന്ന് റോറോയും സർവീസിനുണ്ടാവില്ല.









0 comments