ദുരിതം പേറി പുലിത്തുരുത്ത്, തുരുത്ത് നിവാസികൾ

നിർമാണം നടക്കുന്ന പടിഞ്ഞാറെപ്പുറം പാടശേഖരകലുങ്ക്
കടുത്തുരുത്തി യാത്രാ ദുരിതം പേറി പുലിത്തുരുത്ത്, തുരുത്ത് മേഖലകളിലെ കുടുംബങ്ങൾ. എഴുമാന്തുരുത്ത് സെൻട്രൽ ജങ്ഷൻ മുതൽ മധുരവേലി റേഷൻ കട ജങ്ഷൻ വരെയുള്ള റോഡിന്റെ ടാറിങ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സൈഡ് കോൺക്രീറ്റിങും കലുങ്ക് നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. കലുങ്കുകൾ പൊളിച്ചുനീക്കിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തര പാത ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി നാട്ടുകാർ ആരോപിക്കുന്നു. യാത്രാദുരിതം മൂലം അത്യാഹിത ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസും നിലച്ച നിലയിലാണ്. കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മധുരവേലി, പടിഞ്ഞാറെപ്പുറം, മാത്താങ്കരി പാടശേഖരങ്ങളിലെ കർഷകർ വിത്തും വളവും എത്തിക്കുന്നതും ഇതുവഴിയായതിനാൽ കാർഷിക മേഖലയെയും പണി വൈകുന്നത് സാരമായി ബാധിക്കുന്നു. പുലിതുരുത്ത് പാലം കൂടി പൊളിച്ചുനീക്കി വീതികൂട്ടി പുനർനിർമിക്കേണ്ടതുണ്ട്. പാലം പുനർനിർമിക്കുമ്പോഴെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments