കൊച്ചി കോർപറേഷൻ
അതിദരിദ്രരുടെ അന്നം മുടക്കിയ നടപടി മനുഷ്യത്വരഹിതം: സിപിഐ എം

കൊച്ചി
നഗരത്തിലെ അതിദരിദ്രരുടെ അന്നം മുടക്കിയ കൊച്ചി കോർപറേഷൻ നടപടി മനുഷ്യത്വരഹിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന കോർപറേഷൻ നഗരത്തിലെ ഏറ്റവും പാവപ്പെട്ട ഇരുനൂറിലധികം കുടുംബങ്ങളുടെ അന്നമാണ് മുടക്കിയത്. മേയർ വി കെ മിനിമോളുടെ ഭരണത്തിൻകീഴിൽ അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റ് വിതരണം പൂർണമായും നിലച്ചിട്ട് മാസങ്ങളായി.
കിറ്റ് പുനരാരംഭിക്കാൻ നടപടിയെടുക്കാതെ സാധാരണക്കാരുടെ വിശപ്പും കണ്ണീരും കണ്ട് രസിക്കുകയാണ് ഭരണസമിതി. അരി ഒഴികെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് സപ്ലൈകോവഴി കോർപറേഷൻ നൽകിയിരുന്നത്. കൗൺസിലർമാർവഴിയും കുടുംബശ്രീവഴിയും വീടുകളിൽ നേരിട്ടെത്തിച്ചിരുന്ന ഈ കിറ്റ് പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. അതിനെയാണ് യുഡിഎഫ് സർക്കാർ തകർത്തത്. കിറ്റിനായി ചെലവുവരുന്ന 30 ലക്ഷം രൂപപോലും കണ്ടെത്താൻ ഭരണസമിതിക്ക് കഴിയുന്നില്ല. വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കുകയായിരുന്നു. പദ്ധതിവിഹിതം വെട്ടിയത് സാന്ത്വന പരിചരണരോഗികളെയും തകർത്തു. മരുന്ന്, പഞ്ഞി, ബാൻഡേജ്, അണുനാശിനി, ലേപനങ്ങൾ, ട്യൂബുകൾ, പാഡ്, നഴ്‌സുമാർക്കുള്ള ഗ്ലൗസ്, സിറിഞ്ച്, ഓക്സിജൻ കോൺസൻട്രേറ്റർ എന്നിവ വാങ്ങാൻ കഴിയാതെ രോഗികൾ വലയുന്നു. ഭക്ഷ്യകിറ്റ് വിതരണം ഉടൻ പുനരാരംഭിക്കണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.







0 comments