പൈതൃക മ്യൂസിയം തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: വി ജോയി

സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും എസ് പി ദീപക്കും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ (പ്ലാനറ്റേറിയം) പൈതൃക മ്യൂസിയം കെട്ടിടം സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ (പ്ലാനറ്റേറിയം) പൈതൃക മ്യൂസിയം കെട്ടിടം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു. മ്യൂസിയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ ബാധിക്കുന്ന നീക്കത്തിൽനിന്ന് പിൻമാറിയില്ലെങ്കിൽ പ്രക്ഷോഭവവുമായി മുന്നോട്ടുപോകും. പൈതൃക മ്യൂസിയം കെട്ടിടം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറുന്നത് മ്യൂസിയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. സന്ദർശക ഗ്യാലറികളും മറ്റു സൗകര്യങ്ങളും ഇല്ലാതാകും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പിടിവാശിയാണ് മ്യൂസിയത്തെ തകർക്കുന്ന തീരുമാനത്തിന് കാരണം. മ്യൂസിയം നിലവിൽ ദേശീയ കൗൺസിൽ സയൻസ് മ്യൂസിയം (എൻസിഎസ്എം) കാറ്റഗറി 1- പട്ടികയിലാണ്. എൻസിഎസ്എം മാനദണ്ഡപ്രകാരം സയൻസ് സെന്ററിന് കുറഞ്ഞത് ഏഴ് ഏക്കർ സ്ഥലംവേണം. എന്നാൽ, ഇവിടെ അഞ്ച് ഏക്കർ മാത്രമാണുള്ളത്. ഇതിൽ 49 സെന്റ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഓഫീസ് നിർമിക്കാൻ നൽകി. കൂടാതെ ഗണിത ഗ്യാലറി, എനർജി ബോൾ സംവിധാനം, ക്ലാസ് റൂമുകൾ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന കെട്ടിടം 2006ൽ കൗൺസിലിന് താൽക്കാലികമായി നൽകി. പിന്നീട് കൗൺസിലിന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള തുക വകയിരുത്തി, പിടിപി നഗറിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലവും അനുവദിച്ചു. എന്നാൽ, ഇതിനു കൂട്ടാക്കാതെ നിലവിലത്തെ കെട്ടിടത്തിൽ തുടരാനാണ് കൗൺസിൽ അധികൃതരുടെ തീരുമാനം. ഈ സാഹചര്യത്തില്‍ മ്യൂസിയത്തിന്റെ കാറ്റഗറി -1 പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയ്ക്കിടയിലാണ് പൈതൃക മന്ദിരംകൂടി കൈമാറാനുള്ള തീരുമാനം. വി ജോയി തിങ്കളാഴ്ച മ്യൂസിയം സന്ദർശിച്ചു. മ്യൂസിയം എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റ് എസ് പി ദീപക്കും ഒപ്പമുണ്ടായിരുന്നു.










0 comments