ad
Deshabhimani

ബജറ്റില്‍ പ്ലാന്‍ഫണ്ടിനും വെട്ട്;
നഗരസഭകള്‍ പ്രതിസന്ധിയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2026, 12:36 AM | 1 min read

നെടുമങ്ങാട്

യുഡിഎഫിന്റെ കന്നിബജറ്റിൽ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് പ്രതിസന്ധിക്കിട വരുത്തുമെന്ന് നെടുമങ്ങാട് നഗരസഭ. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളടക്കം പ്ലാന്‍ ഫണ്ടിന്റെ അഭാവത്തില്‍ തടസ്സപ്പെട്ടേക്കും. നഗരസഭ 75 ലക്ഷം രൂപയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം വിനിയോഗിക്കുന്നത്. ഇതിനുപുറമെ മറ്റ് വലിയ പദ്ധതികളെയും പ്ലാന്‍ഫണ്ട്‌ വിഹിതം ബാധിക്കും. കാൽനൂറ്റാണ്ടായി 30 ശതമാനം തുക വാർഷിക പദ്ധതി രൂപീകരണത്തിന്‌ സര്‍ക്കാര്‍ നീക്കിവയ്ക്കാറുണ്ട്. എന്നാല്‍, ഇത്തവണ പ്ലാൻഫണ്ട് (ജനറൽ) ഇനത്തിൽ ഭീമമായ കുറവാണ്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 7,73,56,000 രൂപ പ്ലാൻഫണ്ട് ഇനത്തിൽ നെടുമങ്ങാട് നഗരസഭയ്ക്കായി നീക്കിവച്ചു. യുഡിഎഫ് സർക്കാർ അത് 23,06,100 ആക്കി കുറച്ചു. 2025-–26 വർഷത്തിൽ പ്ലാൻഫണ്ട് ഇനത്തിൽ അനുവദിച്ച 7,73,56,000 രൂപ വകയിരുത്തിയുള്ള പ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. 2026–-27 വർഷത്തെ പ്ലാൻഫണ്ട് വിഹിതപ്രകാരമുള്ള വിപുലമായ രൂപരേഖയും തയ്യാറാക്കിയിരുന്നു. പ്ലാന്‍ഫണ്ടില്‍നിന്നുനൽകുന്ന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായത്തിന് 5,00,000 രൂപയും കോക്ലിയാർ ഇംപ്ലാന്റേഷന് 1,00,000 രൂപയും എംഎംആർ വാക്സിനേഷന് 50,000 രൂപയും വേണം. ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ, ഭവനനിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്പുകൾ, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയും പ്രതിസന്ധിയിലാകും. 2025-–26 സാമ്പത്തിക വർഷത്തിലെ പ്രവൃത്തികളെ സ്പിൽ ഓവറാക്കി തുക നൽകാനും കഴിയില്ല. അടിയന്തരമായി ഇതിനുപരിഹാരമുണ്ടാക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ ആർ ജയദേവൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home