നീന്തലിൽ നേടിയത് 39 മെഡൽ
പിരപ്പൻകോടെഴുതുന്നു വിജയഗാഥ

നീന്തലിൽ മെഡൽ നേടിയവർ കോച്ച് ലിജുവിനും സ്വിമ്മിങ് അഡ്മിനിസ്ട്രേറ്റർ കെ എസ് ഷാജുവിനുമൊപ്പം
ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Oct 29, 2025, 12:00 AM | 1 min read
വെഞ്ഞാറമൂട്
സംസ്ഥാന സ്കൂൾ കായികമേളയുടെ അക്വാട്ടിക്‌സിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായപ്പോൾ തിളങ്ങുന്നത് പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളംകൂടിയാണ്. ഇവിടെ പരിശീലനം നേടിയ താരങ്ങൾ ജില്ലയ്‌ക്ക് സമ്മാനിച്ചത് 39 മെഡൽ– 23 സ്വർണവും എട്ടുവീതം വെള്ളിയും വെങ്കലവും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിച്ച 17ൽ 13 താരങ്ങളും മെഡൽ സ്വന്തമാക്കി. സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ ശ്രീഹരിയും പിരപ്പൻകോടിന്റെ താരമാണ്. മൂന്നു മീറ്റ് റെക്കോഡ് ഉൾപ്പെടെ പങ്കെടുത്ത അഞ്ചിൽ അഞ്ച് ഇനങ്ങളിലും ശ്രീഹരി സ്വർണം നേടി. സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ രാവിലെയും വൈകിട്ടുമായി സ്പോർട്സ് ഹോസ്റ്റലിലെ 11 പേർ ഉൾപ്പെടെ 200 കുട്ടികളാണ് പിരപ്പൻകോട് നീന്തൽക്കുളത്തിൽ പരിശീലനം നേടുന്നത്. പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ്, കന്യാകുളങ്ങര ഗേൾസ് എച്ച്എസ്എസ്, വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മേളയിൽ മത്സരിച്ചത്. ജില്ലാ സ്പോർട്സ് അക്കാദമിയുടെ റീജണൽ കോച്ചിങ് സെന്ററാണിത്. സ്പോർട്സ് കൗൺസിൽ കോച്ച് ലിജു, ഖേലോ ഇന്ത്യ കോച്ച് സാഗർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. വേനലവധിക്കാലത്ത് അഞ്ഞൂറിലധികം കുട്ടികൾ പരിശീലനത്തിന് എത്താറുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ വാട്ടർപോളോ ടീം ക്യാപ്റ്റൻ വർഷ, ടീം അംഗങ്ങളായ ഭദ്ര സുദേവൻ, മധുരിമ തുടങ്ങിയവരും ഇവിടെ പരിശീലനം നടത്തുന്നവരാണ്.









0 comments