Deshabhimani

ഐഡിഎസ്‌എഫ്‌എഫ്‌കെ സമാപിച്ചു

കൊച്ചിയിലും കോഴിക്കോട്ടും സ്ഥിരം വേദിയൊരുക്കും

അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം നേടിയവർ മുഖ്യമന്ത്രി  വി ഡി  സതീശൻ, 
മന്ത്രിമാരായ  പി സി വിഷ്‌ണുനാഥ്‌, സി പി ജോൺ  സംഘാടകർ   എന്നിവർക്കൊപ്പം

അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം നേടിയവർ മുഖ്യമന്ത്രി വി ഡി സതീശൻ, 
മന്ത്രിമാരായ പി സി വിഷ്‌ണുനാഥ്‌, സി പി ജോൺ സംഘാടകർ എന്നിവർക്കൊപ്പം

avatar
സ്വന്തം ലേഖകൻ

Published on Oct 01, 2026, 12:01 AM | 2 min read

തിരുവനന്തപുരം

കേന്ദ്രസർക്കാരിന്റെ വിലക്കില്‍പ്പെട്ട എട്ട്‌ ചിത്രങ്ങൾ പ്രദർശിപ്പിക്കാന്‍ കഴിയാതെ ഐഡിഎസ്‌എഫ്‌എഫ്‌കെ മേളയ്‌ക്ക്‌ തിരശ്ശീല വീണു. കൈരളിയില്‍ സമാപനച്ചടങ്ങ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്രം എന്നിവയുടെ പ്രദർശനത്തിന് സ്ഥിരം വേദികൾ ഒരുക്കുമെന്നും കേന്ദ്രം വിലക്കിയ ചിത്രങ്ങൾക്ക്‌ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷനായി. ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രൻ, രുചിർ ജോഷി എന്നിവരാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. മന്ത്രി സി പി ജോൺ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ, സ്പെഷ്യൽ സെക്രട്ടറി എം അഞ്ജന, സി സി സജിത് എന്നിവർ സംസാരിച്ചു.

മികച്ച ഹ്രസ്വചിത്രം ഭിന്തില പാഠ്

തിരുവനന്തപുരം

18–ാമത്‌ രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം കെ എം കമലിന്റെ ക്ലോസ് അപ് അപ് ക്ലോസ്–ദ മേക്കിങ് ഓഫ് പൊളിറ്റിക്കൽ യുബിയു സ്വന്തമാക്കി. മികച്ച ഹ്രസ്വചിത്രമായി ശേഖർ ബാപ്പു രംങ്കാബ്ലെയുടെ മറാഠി ചിത്രം ഭിന്തില പാഠ് തെരഞ്ഞെടുത്തു. രണ്ടുലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം. രണ്ടാമത്തെ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും സു​ഗന്ധി ​ഗദാധറിന്റെ മൈ ഓട്ടർ ഡയറി നേടി. സഹദേബ് ദാസിന്റെ എ മൗസ് ആൻഡ്‌ എ മാനാണ്‌ രണ്ടാമത്തെ മികച്ച ഹ്രസ്വചിത്രം. മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ദബലീന മജുംദാറിന്റെ ‘ഫ്രണ്ട്സ് ഓഫ് ജിലിപി ബാല’ (ഒരുലക്ഷം രൂപ), രണ്ടാം സ്ഥാനം അശുതോഷ് ജാറെയുടെ ‘കോൾ ഡിഗ്ഗേഴ്‌സ് ഓഫ് ഇന്ത്യ’ (50,000 രൂപ) നേടി. മികച്ച ക്യാമ്പസ് ഷോർട്ട്‌ ഫിലിം മുഹമ്മദ് ജസീലിന്റെ മാരാ (50,000 രൂപ). ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡിന് (20,000 രൂപയും പ്രശസ്തിപത്രവും) സജീഷ് സ്വാമിനാഥൻ (ക്ലോസ് അപ് അപ് ക്ലോസ്–-ദ മേക്കിങ് ഓഫ് പൊളിറ്റിക്കൽ യുബിയു) അർഹനായി. മികച്ച ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് (25,000 രൂപ) പ്രേം കൃഷ്ണ അക്കട്ടു (ഓട്ടോ ക്വീൻസ്) സ്വന്തമാക്കി. ലോങ് ഡോകുമെന്ററി വിഭാഗത്തിൽ ഗോയിങ് സോളോ (സംവിധാനം: അമേയ ​ഗോർ), ഷോർട്ട്‌ ഡോക്യുമെന്ററി വിഭാഗത്തിൽ ലൂണാർ ബേർഡ്സ്‌ (സംവിധാനം: സൃഷ്ടി ​ഗാർ​ഗ്), ഷോർട്ട് ഫിക്‌ഷൻ വിഭാഗത്തിൽ മരം മരംകൊത്തി (സംവിധാനം: ഡാർവിൻ അണ്ണാകുമാർ), ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ ഒഴുക്ക്‌ (സംവിധാനം: വിഷ്ണു പുഷ്കരൻ) സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഷോർട്ട് ഫിക്ഷൻ വിഭാഗത്തില്‍ ഛായാ​ഗ്രഹണം: നസീം ആസാദ്‌ (ചിത്രം: പാരഡൈസ് ഫോൾ), അഭിനയം: ശുഭാം​ഗി ഭുജ്പാൽ (ചിത്രം: ആൻ ഓയിസ്റ്റർ ലൈഫ്) എന്നിവർ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home