സംരക്ഷണമില്ലാതെ പാപനാശം കുന്നുകൾ

പാപനാശം കുന്നിലെ ഇടിഞ്ഞ ഭാഗം
സുധീർ വർക്കല
Published on Sep 04, 2026, 12:00 AM | 1 min read
വർക്കല
യുനെസ്കോ പൈതൃകസാധ്യതാ പട്ടികയിൽ ഇടംനേടിയിട്ടും പാപനാശം കുന്നുകളുടെ സംരക്ഷണത്തിന് നടപടികളില്ല. കടലും ചെമ്മൺ കുന്നുകളും ഒന്നിക്കുന്ന ഭൂമിശാസ്ത്ര സവിശേഷതകളാണ് വർക്കല പാപനാശം കുന്നുകളുടെ പ്രത്യേകത. വർക്കല ഫോർമേഷൻ എന്നറിയപ്പെടുന്ന മനോഹരമായ കുന്നുകളാണ് ടൂറിസം ഭൂപടത്തിലും യുനെസ്കോ പട്ടികയിലും വർക്കലയുടെ ഇടമുറപ്പിച്ചത്. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന കുന്നിടിച്ചിലും പലവിധ നിർമാണങ്ങൾക്കായി ഇടിച്ചുനിരത്തുന്നതും കുന്നിനോടുചേർന്നുള്ള അനധികൃത നിർമാണങ്ങളുമാണ് ആലിയിറക്കംമുതൽ ഇടവ വെറ്റക്കടവരെ ഏഴുകിലോമീറ്ററോളമുള്ള കുന്നിന് ഭീഷണിയാകുന്നത്. കുന്നിന്റെ അഗ്രത്തിൽ നീന്തൽക്കുളമടക്കം നിർമിക്കുന്നു. തീരത്തേക്ക് പടിക്കെട്ടുകൾ നിർമിച്ചും മലിനജലം ഒഴുക്കിവിട്ടും കുന്നിനെ നശിപ്പിക്കുകയാണ്. തിരമാലകൾ കുന്നിന്റെ അടിഭാഗത്ത് ശക്തമായി അടിച്ചുകയറുന്നതിനാലുള്ള ശോഷണവുമുണ്ട്. കുന്നിനു മുകളിൽ മുന്നൂറോളം റിസോർട്ടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്. സീവേജ് പ്ലാന്റ് ഇല്ലാത്തതിനാൽ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യമടക്കം കുന്നിൻമുകളിലാണ് സംഭരിക്കുന്നത്. കുന്ന് സംരക്ഷണത്തിനായുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ല. സംരക്ഷണത്തിനായി നടത്തിയ പഠനങ്ങളിലെല്ലാം പാപനാശം കുന്ന് തകർച്ചാഭീഷണി നേരിടുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, മിനിസ്ട്രി ഓഫ് എർത്ത് സയൻസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ് തുടങ്ങിയവ പഠനം നടത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ കാര്യമായ ഇടപെടൽ ഇനിയുമുണ്ടായിട്ടില്ല. ഈ വർഷം മഴയിൽ ആറിടത്ത് കുന്നിടിഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും മധ്യേ മൂന്നിടത്ത് ഇടിഞ്ഞു. ഒരുമാസം മുമ്പ് പ്രധാന ബീച്ചിൽ നടപ്പാതയോടു ചേർന്നും കുന്നിടിച്ചിലുണ്ടായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2015-ൽ ഭൗമ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച പാപനാശം കുന്നുകൾ 2025 സെപ്തംബറിലാണ് യുനെസ്കോ പട്ടികയിൽ ഇടംനേടിയത്.










0 comments