പാപനാശത്ത് കുന്നിടിയാൻ സാധ്യത

പാപനാശം ഹെലിപ്പാഡിൽ സെൽഫിയും വീഡിയോയും എടുക്കുന്ന സഞ്ചാരികൾ
സുധീർ വർക്കല
Published on Aug 04, 2026, 12:45 AM | 1 min read
വർക്കല
ശക്തമായ മഴയെത്തുടർന്ന് കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വർക്കല വിനോദസഞ്ചാര മേഖലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ അവഗണിച്ച് സഞ്ചാരികൾ പാപനാശം കുന്നിന്റെ അഗ്രഭാഗങ്ങളിലേക്ക് കടക്കുന്നത് ആശങ്കയേറ്റുന്നു. അപകടസാധ്യത കണക്കിലെടുത്ത് കുന്നിന്റെ അരികുകളിലും അപകട മേഖലകളിലും നിൽക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിരവധി സഞ്ചാരികൾ സെൽഫിയും വീഡിയോയും എടുക്കാൻ വിലക്ക് മറികടന്ന് ഹെലിപാഡ് ഭാഗത്തേക്ക് കടക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് ഇതിൽ മുന്നിൽ. ചെറിയൊരു മണ്ണിടിച്ചിലോ കാൽതെറ്റലോപോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാം. കുന്നിന്റെ ബലക്ഷയം പുറത്തുനിന്ന് തിരിച്ചറിയാൻ കഴിയില്ല. സഞ്ചാരികളുടെ ഇത്തരം സാഹസിക പ്രവൃത്തികൾ ജീവൻ പണയപ്പെടുത്തലാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴയിൽ മണ്ണ് കൂടുതൽ കുതിർന്നതോടെ കുന്നിടിയാനുള്ള സാധ്യതയും കൂടുകയാണ്. അപകടസാധ്യത വകവയ്ക്കാതെ കടൽക്കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി കുന്നിന്റെ ഏറ്റവും അപകടകരമായ ഭാഗങ്ങളിലേക്കുപോലും ആളുകൾ കടക്കുന്നു. കുന്നിന്റെ അഗ്രഭാഗങ്ങളിലേക്ക് പ്രവേശനം നിരോധിച്ചുള്ള ബാരിക്കേഡുകളും സുരക്ഷാവേലികളും പരിമിതമാണ്.










0 comments