ഒന്നാമതാണ് ഒറ്റൂർ

ഒറ്റൂരിലെ ഹരിതം എനർജി സെന്ററിൽ ഹരിതകർമസേനാംഗങ്ങൾ എൽഇഡി ബൾബ് നിർമാണത്തിൽ
സുധീർ വർക്കല
Published on Nov 15, 2025, 12:15 AM | 1 min read
വർക്കല
മാലിന്യസംസ്കരണത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതകർമസേന, മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്ത്... പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ ഒറ്റൂർ പഞ്ചായത്ത് കരസ്ഥമാക്കിയ നേട്ടങ്ങൾ അനവധി. 1979ലാണ് പഞ്ചായത്ത് രൂപീകൃതമായത്. മുമ്പ് മണമ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കൂടുതലും ഇടതുപക്ഷത്തോടൊപ്പം നിന്ന ഒറ്റൂരിൽ പി ബീന പ്രസിഡന്റും എൻ ജയപ്രകാശ് വൈസ് പ്രസിഡന്റുമായ ഭരണസമിതി സമസ്തമേഖലയിലും വികസനമെത്തിച്ചു. ലൈഫിൽ 148 കുടുംബങ്ങൾക്ക് വീട് നൽകി. 63 വീടുകളിൽ ശുചിമുറി നിർമിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിൽ വി എസ് അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയം. സ്കൂൾ കെട്ടിടങ്ങൾക്കായി അഞ്ചുകോടി. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലൂടെ അഞ്ചു കുടുംബങ്ങൾക്ക് ഭൂമി. 2.27 കോടി രൂപയിൽ നിർമിച്ച ഒറ്റൂർ പാലം. സ്‌മാർട്ട് അങ്കണവാടി. 19 വിദ്യാർഥികൾക്ക് പഠനമുറി. കിണർ റീചാർജ്. സ്കോളർഷിപ് ലഭിക്കാത്ത ഭിന്നശേഷിക്കാർക്ക് ധനസഹായം... പട്ടിക നീളുന്നു. കാർഷികമേഖലയിൽ 13 ലക്ഷം രൂപ ചെലവഴിച്ചു. അഞ്ച് ഹെക്ടർ തരിശുപാടങ്ങൾ ഏറ്റെടുത്ത് കൃഷിയിറക്കി. തെങ്ങുകൃഷി വ്യാപിപ്പിച്ചു. 200 കുടുംബങ്ങളിൽ സമൃദ്ധി പച്ചക്കറി പദ്ധതി. 333 ഗുണഭോക്താക്കൾക്ക് സങ്കരയിനം കുരുമുളകുതൈകളും 400 കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളും 370 കുടുംബങ്ങൾക്ക് കിഴങ്ങുവർഗ കിറ്റുകളും 782 വനിതകൾക്ക് വാഴക്കന്നുകളും സൗജന്യമായി നൽകി. കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൃഷിഭവനുമായി സഹകരിച്ച് കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. കേന്ദ്ര കിഴങ്ങുവിളകേന്ദ്രത്തിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് പരിശീലനം നടത്തി. വെള്ളായണി കാർഷിക കോളേജിൽവച്ച് ഹരിതകർമസേനയ്ക്ക് ഇനാക്കുലം, മണ്ണിര കമ്പോസ്റ്റ് പരിശീലനം നൽകി.










0 comments