ഓണമെത്തി, വിപണിയുണർന്നു

ചാലയിലെ തിരക്ക്
തിരുവനന്തപുരം
തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ചിങ്ങംപുലരുംമുന്പേ പൂർത്തിയാക്കാനുള്ള ഓട്ടത്തിൽ തലസ്ഥാനവാസികൾ. പ്രധാന കമ്പോളമായ ചാലയിലെ ഇടവഴികളെല്ലാം ഓണവിപണി കൈയടക്കി. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കൂടുന്നതിനാൽ നേരത്തേതന്നെ എല്ലാം വാങ്ങിവയ്ക്കാനുള്ള തത്രപ്പാടിലാണ് ജനം. സ്‌കൂളുകളിലെയും കോളേജുകളിലെയും ഓണാഘോഷത്തിനായി ഡ്രസ് കോഡ് നോക്കി തുണിത്തരങ്ങൾ വാങ്ങാൻ വിദ്യാർഥികൾ സംഘമായെത്തുന്നു. ഓഫീസുകളിലും ക്ലബ്ബുകളിലും വടംവലി മത്സരത്തിനുള്ള കയറും അലങ്കാരവസ്‌തുക്കളും തേടിയെത്തുന്നവരും കുറവല്ല. പൂക്കളമൊരുക്കാൻ കുറഞ്ഞ വിലയ്ക്ക് പൂക്കൾ വാങ്ങാനെത്തുന്നവർക്ക് തോവാള കഴിഞ്ഞാൽ ഇഷ്ടകേന്ദ്രവും ചാലതന്നെ. വസ്‌ത്രവിപണിയും ഉണർവിലാണ്. 100 രൂപ മുതലുള്ള ഷർട്ടുകളും 150 രൂപ തൊട്ടുള്ള ചുരിദാറുകളുമാണ് വഴിയോരക്കച്ചവടക്കാരുടെ കൈമുതൽ. ഓഫറുകളും സമ്മാനക്കൂപ്പണുകളും നൽകുന്ന വൻകിട വസ്‌ത്രവ്യാപാരശാലകളിലും അടുക്കാനാകാത്ത തിരക്ക്. പ്ലാസ്റ്റിക് പൂക്കളങ്ങൾ ഇത്തവണയും വിൽപ്പനയ്ക്കുണ്ട്. 350ന് ചെറിയ പൂക്കളവും 750ന് വലിയ പൂക്കളവും കിട്ടും. തുണികൊണ്ടുള്ള പൂക്കളങ്ങൾക്ക് 450 രൂപയാണ് വില. തനിമ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് കളിമണ്ണിൽ തീർത്ത ഓണത്തപ്പന്മാരെയും ലഭിക്കും. സദ്യയുണ്ണാൻ തമിഴ്‌നാട്ടിൽനിന്നുള്ള ഇല. ഒരെണ്ണത്തിന് 10 രൂപ. അരിക്കും പച്ചക്കറിക്കുമെല്ലാം പൊള്ളുന്ന വിലയാണെങ്കിലും ‘കാണം വിറ്റും ഓണം ഉണ്ണുന്ന’ മലയാളിപ്പാരമ്പര്യം തുടരുമെന്നതിന്റെ നേർക്കാഴ്‌ചയായി വിപണിത്തിരക്ക്.









0 comments