ad
Deshabhimani

തൊഴിലുറപ്പ്‌

പ്രളയത്തിൽ തണൽ, വീടുകളിൽ കരുത്ത്‌

nreg

തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രതിഷേധം പേരൂർക്കടയിൽ 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Dec 20, 2025, 01:00 AM | 1 min read

തിരുവനന്തപുരം

ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ്‌ പദ്ധതി മുന്നേറിയത്‌ ലക്ഷക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ കരുത്തുനൽകിയും നാടിന്റെ വികസനത്തിൽ പങ്കാളികളായും. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേന്ദ്രം കത്തിവയ്ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപിക്കുമ്പോൾ ജില്ലയിൽ മാതൃകയായ ഒട്ടേറെ പദ്ധതി പ്രവർത്തനങ്ങളുടെ അനുഭവങ്ങൾകൂടിയാണ്‌ തൊഴിലാളികൾ പങ്കുവയ്ക്കുന്നത്‌. പ്രളയകാലത്ത്‌ ഒട്ടേറെ പ്രദേശങ്ങളിൽ തകർന്ന ഗ്രാമീണ റോഡുകളും ബണ്ടുകളും കുളങ്ങളും കനാലുകളും പുനർനിർമിച്ചതിൽ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ പങ്ക്‌ ആർക്കും തള്ളിക്കളയാനാകില്ല. പൊതുസ്ഥാപനങ്ങളും വീടുകളും വൃത്തിയാക്കാനും കൃഷിയിടങ്ങൾ പൂർവ സ്ഥിതിയിലാക്കാനും ഇവരുടെ സഹായമുണ്ടായി. ജലസംഭരണികൾ നിർമിക്കൽ, കൃഷി, തോട്ടം, കാർഷിക, വനവൽക്കരണം, തരിശുഭൂമികൾ വികസിപ്പിക്കൽ, ഗ്രാമീണ റോഡുകൾ, ഓവുചാലുകൾ, കളിസ്ഥലങ്ങൾ നിർമിക്കൽ, സർക്കാർ ഭവന പദ്ധതികൾക്കായുള്ള അവിദഗ്‌ധ തൊഴിൽ, ഗാർഹിക ശൗചാലയങ്ങൾ നിർമിക്കൽ തുടങ്ങി വ്യത്യസ്ത മേഖലയിലാണ്‌ പദ്ധതി വ്യാപിച്ചിരിക്കുന്നത്‌. ഒരു വർഷം മുമ്പ്‌ സംസ്ഥാനതലത്തിൽ അവാർഡ്‌ നേടിയ പെരുങ്കടവിള പഞ്ചായത്തിലടക്കം നിരവധി പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്‌. രണ്ടായിരത്തോളം പേർക്ക്‌ നൂറുദിവസവും തൊഴിൽ നൽകിയതും പത്ത്‌ കോടി രൂപവരെ പ്രതിവർഷം തൊഴിലുറപ്പിന്‌ ചെലവഴിച്ചതുമായ പഞ്ചായത്തുകളുണ്ട്‌. നിരവധി വീടുകളിലെ പ്രധാന വരുമാന മാർഗമാണ്‌ തൊഴിലുറപ്പ്‌ കൂലി. പട്ടിണികൂടാതെ ജീവിക്കുന്നതും പല വീട്ടമ്മമാരും കുട്ടികളുടെ വിദ്യാഭ്യാസമടക്കം നടത്തിപ്പോകുന്നതും ഇ‍ൗ പണമുള്ളതുകൊണ്ടാണ്‌. ദാരിദ്ര്യം ഇല്ലാതാക്കാൻ സഹായിക്കുന്ന പദ്ധതികൂടിയാണിത്‌ എന്ന്‌ കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പണിയെടുക്കാതെ പണം പിടുങ്ങുന്നുവെന്ന്‌ പരിഹസിക്കുന്നവർ ഇത്തരം വസ്തുതകൾ വിസ്മരിക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണ്‌. ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതും ഇവിടെയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home