റബർ വില ഉയർന്നാലും ആശ്വാസമില്ല
കാട്ടുപന്നി: ടാപ്പിങ് നടത്താനാകാതെ കർഷകർ


സ്വന്തം ലേഖകൻ
Published on Nov 02, 2026, 03:39 AM | 1 min read
വെള്ളറട
അമ്പൂരി പഞ്ചായത്തിൽ വന്യജീവി ആക്രമണം അതിരൂക്ഷമായതോടെ വലഞ്ഞ് കർഷകർ. വിപണിയിൽ റബർ വില ഉയർന്നുനിൽക്കുന്നതിന്റെ ആനുകൂല്യംപോലും കർഷകർക്ക് ലഭിക്കാതായി. പുലർച്ചെയും സന്ധ്യാകളിലും തോട്ടങ്ങളിലേക്ക് ഇറങ്ങാൻ കഴിയാത്തവിധം കാട്ടുപന്നി ശല്യം കൂടിയതോടെ റബർ ടാപ്പിങ് സ്തംഭിച്ചു. ജീവൻ പണയംവച്ച് ജോലിക്ക് പോകാനാകാതെ വന്നതോടെ പല കുടുംബങ്ങളുടെയും ഏക വരുമാന സ്രോതസ്സാണ് നിലച്ചത്. കഴിഞ്ഞ മാസത്തിൽ കാട്ടുപന്നിയുടെ ആക്രമണമേറ്റ് ടാപ്പിങ് തൊഴിലാളിക്കും യാത്രക്കാരനും ഗുരുതര പരിക്കേറ്റിരുന്നു. കാട്ടുപന്നിയും കുരങ്ങും മുള്ളൻപന്നിയും ഉൾപ്പെടെയുള്ളവയുടെ ശല്യം കാരണം മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ ഇടവിളകളും പച്ചക്കറികളും കാട്ടുപന്നിക്കൂട്ടങ്ങളും മുള്ളൻപന്നിയുമെത്തി നശിപ്പിക്കുന്നു. ഇതിനുപുറമേ, കുരങ്ങുകൾ തെങ്ങിലെ ഇളംകരിക്കുകൾ അടർത്തി നശിപ്പിക്കുന്നതും പതിവാണ്. കൃഷിയിടങ്ങൾക്കൊപ്പം വീടുകൾക്ക് നേരെയും ആക്രമണമുണ്ടാകുന്നുണ്ട്. വീട്ടുസാധനങ്ങളും മറ്റും നശിപ്പിക്കുന്നതോടെ ജനം കടുത്ത ഭയപ്പാടിലാണ്. വനം വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ തുരത്താൻ ഫലപ്രദമായ പ്രതിരോധം ഒരുക്കണമെന്നും വിളനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.









0 comments