ad
Deshabhimani

കൗൺസിലർ സുഗതന് ജാമ്യമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2026, 12:38 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി ക‍ൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട്‌ ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷയാണ്‌ ശനിയാഴ്‌ച തള്ളിയത്‌. വെള്ളൈക്കടവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാളെ തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റിനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലുമാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. ബുധനാഴ്‌ച വട്ടിയൂർക്കാവ്‌ പൊലീസ്‌ സുഗതനുമായി വെള്ളൈക്കടവ്‌ ക്ഷേത്രത്തിലെത്തി തെളിവെടുപ്പ്‌ നടത്തിയിരുന്നു. ശേഷം വിയ്യ‍ൂർ സെൻട്രൽ ജയിലിലേക്ക്‌ മാറ്റി. സുഗതനെ ജാമ്യത്തിലിറക്കാനുള്ള പരിശ്രമത്തിനിടെ കോടതിവിധി ബിജെപിക്ക്‌ വൻ പ്രഹരമായി. ജസ്‌റ്റിസ്‌ പി ഉബൈദ്‌, മുഹമ്മദ്‌ വസീം, പി എൽ സുകുമാരൻ എന്നീ മൂന്നംഗ കാപ്പ അഡ്വൈസറി ബോർഡിന്‌ ബിജെപി അപ്പീൽ നൽകിയിട്ടുണ്ട്‌. അപ്പീൽ നിരസിച്ചാൽ പുനഃപരിശോധന ആവശ്യപ്പെട്ട്‌ 90 ദിവസം കഴിഞ്ഞാൽ മാത്രമേ വീണ്ടും കാപ്പ അഡ്വൈസറി ബോർഡിന്‌ അപ്പീൽ നൽകാനാകൂ. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പാപ്പനംകോട്‌ സജി ഉൾപ്പെടെയുള്ളവർ സുഗതനെ കോടതിയിലെത്തിച്ചപ്പോൾ ഒപ്പമുണ്ടായി. കൊടും ക്രിമിനലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ കോർപറേഷനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പത്തുദിവസം പിന്നിട്ടു. 48 ദിവസത്തിനുശേഷം കൂടിയ കൗൺസിൽ യോഗംപോലും അലങ്കോലപ്പെടുത്തി, ബിജെപി അംഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാരെ തല്ലിച്ചതച്ചിരുന്നു. സുഗതനുവേണ്ടി ഹാജർബുക്ക്‌ വരെ നശിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. കാപ്പ പ്രതിക്കൊപ്പമെന്നറിയിച്ച്‌ കോർപറേഷനുമുന്നിൽ ഭരണസമിതി ഫ്ലക്‌സ്‌ ബോർഡ്‌ സ്ഥാപിച്ച്‌ ജനാധിപത്യത്തെയും നിയമത്തെയും വെല്ലുവിളിച്ചു. ഇയാളെ അടിയന്തരമായി കൗൺസിലിൽനിന്ന്‌ പുറത്താക്കണമെന്ന് എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home