വർഗീയതയെ പുറത്താക്കിയ നേമം

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുമുതൽ ചിത്രത്തിലുണ്ടെങ്കിലും അന്നത്തെയും ഇന്നത്തെയും നേമം മണ്ഡലം തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2010ലെ പുനർനിർണയത്തിലാണ് കാതലായ മാറ്റം സംഭവിച്ചത്. കോൺഗ്രസിന്റെ കൈപിടിച്ച് നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് വി ശിവൻകുട്ടിയിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂട്ടിച്ച് വർഗീയരാഷ്‌ട്രീയത്തിന് ഇടമില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയിലെ എം സദാശിവൻ ജയിച്ചു. 1960ൽ പ്രജാ സോഷ്യലിസ്റ്റ് പാർടി (പിഎസ്‌പി)യിലെ പി വിശ്വംഭരൻ നിയമസഭയിലെത്തി. 1965ലും 1967ലും എം സദാശിവൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1970ൽ പിഎസ്‌പിയിലെ ജി കുട്ടപ്പൻ നേമത്ത് വിജയിച്ചു. 1977ൽ എസ് വരദരാജൻനായരിലൂടെ ആദ്യമായി മണ്ഡലം കോൺഗ്രസിന് ലഭിച്ചു. 1982ൽ കെ കരുണാകരൻ നേമത്തിനൊപ്പം മാള നിയമസഭാ മണ്ഡലത്തിലും മത്സരിച്ച് ജയിച്ചു. മാള നിലനിർത്തിയ കരുണാകരൻ നേമം കെെയൊഴിഞ്ഞു. 1983 മാർച്ചിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ വി ജെ തങ്കപ്പൻ വിജയിച്ചു. 1987ലും 1991ലും വി ജെ തങ്കപ്പൻ മണ്ഡലം നിലനിർത്തി. 1996ൽ വെങ്ങാനൂർ പി ഭാസ്കരനിലൂടെ എൽഡിഎഫ് തുടർന്നു.
2001ലും 2006ലും കോൺഗ്രസിലെ എൻ ശക്തൻ വിജയിച്ചു. 2011ൽ വി ശിവൻകുട്ടിയിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു. 2021ൽ കനത്ത പോരാട്ടത്തിലൂടെയാണ് ശിവൻകുട്ടിയുടെ ജയം. കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാർഥി. തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡ് നേമം മണ്ഡലത്തിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 17 ഇടത്ത് ബിജെപിയും അഞ്ചിടത്ത് സിപിഐ എമ്മും വിജയിച്ചു. അഞ്ചുവർഷത്തിനിടെ മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിമാത്രം 91 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. റോഡ് വികസനത്തിന് 320 കോടി നീക്കിവച്ചു. 70.5 കോടി രൂപ ചെലവില്‍ എട്ടു പുതിയ പാലം നിര്‍മിക്കുന്നു. ആരോഗ്യമേഖലയില്‍ 52.3 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.










0 comments