പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: ശിവഗിരിമഠം

വർക്കല
പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയിരുന്ന ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമായിരിക്കുന്നുവെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒബിസി, എസ്ഇബിസി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സേവനം ചെയ്തിരുന്ന www.bcdd.kerala.gov.in എന്ന വെബ്സൈറ്റാണ് നിലവിൽ പ്രവർത്തനരഹിതമായിരിക്കുന്നത്. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, അർഹതാ മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ വിവരങ്ങൾ ലഭ്യമാക്കിയിരുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റാണിത്. സംവരണ വ്യവസ്ഥകൾ, ജില്ലാതല ഓഫീസുകളുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലും ഈ വെബ്സൈറ്റ് പ്രധാന പങ്കുവഹിച്ചിരുന്നു. സെർവർ തകരാറാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് അധികൃതർ പറയുന്നനു. എന്നാൽ, മുന്നാക്ക ക്ഷേമ വകുപ്പിന്റെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും വെബ്സൈറ്റുകൾ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ അധ്യയന വർഷത്തിലേക്കുള്ള കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിവരങ്ങളിലേക്കും ക്ഷേമപദ്ധതികളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടരുത്. വെബ്സൈറ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ വിവരങ്ങളും ക്ഷേമപദ്ധതികളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.










0 comments