നാനോവെസിക്കിള്‍ കാരിയര്‍ സാങ്കേതികവിദ്യ: കേരള സർവകലാശാലയ്ക്ക് പേറ്റന്റ്

തിരുവനന്തപുരം
കോശങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന അതിസൂക്ഷ്മ ജൈവവാഹകരായ നാനോവെസിക്കിളുകൾ നിർമിക്കുന്ന പുതിയ രീതിക്ക് കേരള സർവകലാശാലയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. കേരള സർവകലാശാലയിലെ ബയോകെമിസ്ട്രിവകുപ്പിന്റെ ന്യൂറോബയോളജി ലബോറട്ടറിയിലാണ് ഗവേഷണം നടത്തിയത്. ഡോ. വിജി വിജയനായിരുന്നു റിസർച്ച് ഗ്രൂപ്പിന്റെ നേതൃത്വം. ഡോ. ആദിത്യ ആർ നായർ, ഡോ. ഐശ്വര്യ ലക്ഷ്മൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. സാധാരണയായി, കോശങ്ങൾ വിഷകരമായോ സമ്മർദപരമായോ സാഹചര്യങ്ങൾ നേരിടുമ്പോൾ അവ പുറത്തുവിടുന്ന ചെറുവെസിക്കിളുകൾ കേടുപാടുകൾ സംഭവിച്ച ഘടകങ്ങളെയോ വിഷാംശങ്ങളെയോ വഹിക്കുന്നവയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഈ ഗവേഷണത്തിൽ, ഇത്തരം വെസിക്കിളുകൾ പ്രയോജനകരമായ ജൈവസന്ദേശങ്ങളും വഹിക്കാമെന്ന് കണ്ടെത്തി. അതുകൊണ്ട്, സമ്മർദത്തിലായ കോശങ്ങൾ വെറും മാലിന്യങ്ങൾ പുറത്തുവിടുന്നതല്ല, മറിച്ച് മറ്റ് കോശങ്ങളുമായി പ്രധാനപ്പെട്ട ജൈവവിവരങ്ങൾ കൈമാറുന്നതിനും ഈ നാനോവെസിക്കിളുകൾ ഉപയോഗിക്കുന്നുണ്ടാകാമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. മസ്തിഷ്കകോശങ്ങൾ സമ്മർദ സാഹചര്യങ്ങളിൽ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തുന്നുവെന്നത് മനസ്സിലാക്കുന്നതിനും ഭാവിയിൽ മരുന്നുകളോ ചികിത്സാ ഘടകങ്ങളോ എത്തിക്കുന്ന പ്രകൃതിദത്ത ജൈവവാഹകരായി നാനോവെസിക്കിളുകളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും വഴി തുറക്കുന്നതാണ് ഇൗ കണ്ടുപിടിത്തം.










0 comments