സുഹൃത്തിന്റെ കൊലപാതകം; പ്രതി റിമാൻഡിൽ

പാറശാല
വീട്ടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്‌റ്റ് ചെയ്ത സുഹൃത്തിനെ റിമാൻഡ് ചെയ്തു. വിഴിഞ്ഞം വെങ്ങാനൂർ സ്‌റ്റേഡിയത്തിന് സമീപം കൃഷ്‌ണശ്രീയിൽ അനൂപാണ് (39) റിമാൻഡിലായത്. ഇയാളുടെ സുഹൃത്ത് കുളത്തൂർ വെങ്കടമ്പ് പീലിയാംകോണം കെ വി സദനത്തിൽ രാജനെയാണ് ( 45) തിങ്കൾ വൈകിട്ട് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി മൃതദേഹം 11.30ഓടെ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജനും അനൂപും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് നിഗമനം. അനൂപിനെ പരസ്യമദ്യപാനത്തിനിടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊഴിയൂർ പൊലീസ് തിങ്കൾ വൈകിട്ട് ആറോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുപ്പത്തഞ്ചോളം വെട്ടേറ്റ നിലയിൽ രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൂട്ടുകൂടിയുള്ള രാജന്റെ നിരന്തര മദ്യപാനംകാരണം സമീപത്തുള്ള കുടുംബവീട്ടിലാണ് ഭാര്യയും മകനും താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിവീഴ്‌ത്തുകയും രാജൻ തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്ന് വീണ്ടും കുത്തുകയായിരുന്നെന്നും അനൂപ് മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. ബാലരാമപുരം റസ്സൽപുരം സ്വദേശിയായ രാജൻ ഏഴുവർഷം മുമ്പാണ് വെങ്കടമ്പ് പീലിയാംകോണത്തെ ഭാര്യവീടിന് സമീപം വീടുവാങ്ങി താമസമാക്കിയത്.









0 comments