സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ്
എഴുപതാം പതിപ്പ് മലപ്പുറം തൂക്കി

അണ്ടർ 16 ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ സി ടി മഹ്സിൻ (ഐഡിയൽ കടകശ്ശേരി)
മലപ്പുറം
ഏഴുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സിൽ ആവേശപ്പോരിനൊടുവിൽ മലപ്പുറത്തിന് ആദ്യ കിരീടം. പാലക്കാടുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ചാന്പ്യൻമാരായത്. 445 പോയിന്റുമായി മലപ്പുറം ഒന്നാമതെത്തിയപ്പോൾ 425 പോയിന്റുമായാണ് പാലക്കാട് രണ്ടിലൊതുങ്ങിയത്. 13 സ്വർണവും 26 വെള്ളിയും 30 വെങ്കലവുമായാണ് മലപ്പുറം ട്രാക്കിലും ഫീൽഡിലും നിറഞ്ഞത്. പിറ്റിലും ത്രോയിനങ്ങളിലും മലപ്പുറത്തിന്റെ കുട്ടികൾ മികവുറ്റ പ്രകടനം പുറത്തെടുത്തു. ഇരുനൂറോളം താരങ്ങളുമായാണ് മലപ്പുറം ടീം കൊല്ലത്തേക്ക് വണ്ടികയറിയത്. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ എഴുപതാം പതിപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അവരുടെ ലക്ഷ്യമായിരുന്നില്ല. കഴിഞ്ഞ വർഷം പാലക്കാടിനുപിന്നിൽ രണ്ടാമതായതിന്റെ കണക്കുതീർക്കാൻകൂടിയായിരുന്നു മലപ്പുറത്തിന്റെ പടയൊരുക്കം. തിങ്കളാഴ്‌ചവരെ ആധിപത്യംപുലർത്തിയ പാലക്കാടിനെ 20 പോയിന്റ് പുറകിലാക്കിയാണ് മീറ്റിന് കൊടിയിറങ്ങുന്പോൾ മലപ്പുറം ഓവറോൾ ചാന്പ്യൻമാരായത്. അണ്ടർ 18 വിഭാഗത്തിൽ 120 പോയിന്റും അണ്ടർ 20ൽ 87 പോയിന്റുമുണ്ട് മലപ്പുറത്തിന്. ഐഡിയൽ, ആലത്തിയൂർ, പൂക്കൊളത്തൂർ, എച്ച്‌എംവൈഎച്ച്‌എസ്‌എസ് മഞ്ചേരി, സുബുലുസ്സലാം മൂർക്കനാട് തുടങ്ങിയവയുടെ ചിറകിലേറിയാണ് മലപ്പുറത്തിന്റെ കിരീടനേട്ടം.








0 comments