ഒരു ഡയാലിസിസ് യൂണിറ്റ് കൂടി സ്ഥാപിക്കും
ജില്ലാ ആശുപത്രിയിലെ ജനറൽ മോർച്ചറി നവീകരിക്കും

പാലക്കാട്
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ജനറൽ മോർച്ചറി പുതുക്കിപ്പണിയാനും ഒരു ഡയാലിസിസ് യൂണിറ്റ് കൂടി സ്ഥാപിക്കാനും തീരുമാനമായി. നിലവിൽ ജനറൽ മോർച്ചറിയിൽ എട്ട് ചേംബറാണുള്ളത്. നവീകരിച്ച് 10 ചേംബർ സജ്ജീകരിക്കാനാണ് തീരുമാനം. ഉടൻ നിർമാണത്തിലേക്ക് നീങ്ങും. ഇതോടൊപ്പം ജാലക മോർച്ചറിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടിയുമെടുത്തിട്ടുണ്ട്. ഇതിലൂടെ ദിവസങ്ങളോളം മൃതദേഹം ജനറൽ മോർച്ചറിയിൽ സൂക്ഷിക്കാനാകും. -േഫാറൻസിക് സർജന്റെ തസ്‌തികയിൽ സ്ഥിരമായി ആളില്ലാത്തതിനാൽ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകേണ്ട സ്ഥിതിയുണ്ട്. ജൂനിയർ -േഫാറൻസിക് സർജൻ തസ്‌തികയിൽ നിയമനം നടത്തിയാൽ മാത്രമേ ഇൗ പ്രശ്‌നം പരിഹരിക്കാനാകൂ. ഒരു ഡയാലിസിസ് യൂണിറ്റ് കൂടി സജ്ജീകരിക്കാനുള്ള നടപടിയും തുടങ്ങി. നിലവിൽ 22 ഡയാലിസിസ് യൂണിറ്റുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. എന്നാൽ, ഒരേസമയം പതിനെട്ടെണ്ണം മാത്രമേ പ്രവർത്തിപ്പിക്കാനാകൂ. മൂന്നോ നാലോ യൂണിറ്റുകൾ ഇൗ സമയങ്ങളിൽ സർവീസ് ചെയ്യേണ്ടിവരും. അതിനാലാണ് ഒരു യൂണിറ്റുകൂടി ഒരുക്കുന്നത്. ജില്ലാ ആശുപത്രിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം നവംബറിൽ പൂർത്തിയാകും.
കരുതലിന്റെ പാഠം
ആരോഗ്യവകുപ്പ് മരുന്നു നൽകാതായതോടെ ജില്ലാ ആശുപത്രിയിൽ മരുന്നെത്തിച്ച് ജില്ലാ പഞ്ചായത്ത്. നോൺ റോഡ് മെയിന്റനൻസ് ഫണ്ടിൽനിന്നുള്ള 4.27 കോടി ചെലവിട്ടാണ് മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നത്. പൊതുവിപണിയിൽനിന്ന് മരുന്ന് വാങ്ങി ആശുപത്രിയിലെത്തിക്കുന്നതോടെ നൂറുകണക്കിന് രോഗികൾക്കാണ് ആശ്വാസമാകുന്നത്. അർബുദം, വൃക്കരോഗം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയടക്കമുള്ള ബഫർ സ്‌റ്റോക് മരുന്നുകളുടെ വിതരണം കെഎംഎസ്‌സിഎൽ നിർത്തിയതോടെയാണ് ജില്ലാ പഞ്ചായത്ത് ഇടപെട്ടത്. മരുന്നും ലാബ് കിറ്റുമടക്കുമുള്ളവ വാങ്ങാനായി രണ്ടുകോടി രൂപ, ഡയാലിസിസ് യൂണിറ്റുകളിലേക്ക് ഒരു കോടി, അവയവങ്ങൾ മാറ്റിവച്ചവർക്കുള്ള മരുന്നുകൾക്കുള്ള ‘സ്‌നേഹ സ്‌പർശം’ പദ്ധതിക്കായി 50 ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റീവിനായി 30 ലക്ഷം, അവശ്യ ഉപകരണങ്ങൾ വാങ്ങാൻ 13 ലക്ഷം, മറ്റ് ഉപകരണങ്ങൾ വാങ്ങാൻ 33 ലക്ഷം, ഹൈടെൻഷൻ അപ്‌ഡേഷൻ ചെയ്യാൻ ഒരു കോടി എന്നിങ്ങനെയാണ് 4.27 കോടി രൂപ ചെലവഴിച്ചത്. മരുന്നും ലാബ് കിറ്റും വാങ്ങാനായി 40 ലക്ഷവും ഉപകരണങ്ങളെത്തിക്കാനായി 30 ലക്ഷമടക്കം 85 ലക്ഷം രൂപ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചെലവഴിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിഹിതത്തിൽ 51.5 കോടി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതോടെ നിലവിലെ പദ്ധതികൾ പുനഃപരിശോധിക്കേണ്ട അവസ്ഥയാണ്. എന്നിട്ടും ആശുപത്രിയുടെ പ്രവർത്തനത്തിന് ഒന്നാം പരിഗണന നൽകിയാണ് മരുന്നെത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു പറഞ്ഞു. ജില്ലയിലെ 88 കുടുംബാരോഗ്യകേന്ദ്രങ്ങളിലടക്കം മരുന്നുക്ഷാമം രൂക്ഷമായതോടെ ജീവിതശൈലീ മരുന്നുകൾക്കുൾപ്പെടെ സാധാരണക്കാർ ജില്ലാ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.









0 comments