ഇൗ പുഞ്ചിരിക്ക് പൊൻതിളക്കം

ആലപ്പുഴ
മകൻ റൺധീറിന്റെ പ്രായമുണ്ട് തൂവെള്ള കോട്ടിലേക്കുള്ള ലിൻസിയുടെയും ഭർത്താവ് സിജോയുടെയും യാത്രയ്‌ക്ക്. റൺധീറിന് 11 വയസായി, 35–കാരിയായ ലിൻസി ഡോ. ലിൻസിയും. ഒരു വ്യാഴവട്ടക്കാലത്തെ കഠിനാധ്വാനത്തിന്റെ പകിട്ടുണ്ട് ഇൗ ദമ്പതികളുടെ നേട്ടത്തിന്. 2013–ലാണ് പൊലീസ് കോൺസ്റ്റബിളായിരുന്ന ചേർത്തല തൈക്കൽ വെട്ടിയഴീക്കൽ വീട്ടിൽ സിജോ ഡൊമിനിക്കും ഓമനപ്പുഴ സ്വദേശിനിയും എംഎസ്‌സി ബോട്ടണി ബിരുദധാരിയുമായ സി പി ലിൻസിയും വിവാഹിതരാകുന്നത്. ഭാര്യ ചെറുപ്പത്തിൽ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യം അപ്രതീക്ഷിതമായി അറിഞ്ഞ സിജോയുടെ ‘നിനക്ക് ഡോക്ടറായിക്കൂടേ’ എന്ന ചോദ്യമാണ് ജീവിതത്തിൽ വഴിത്തിരിവായത്. തമാശയായി മാത്രമാണ് അന്നതിനെ ലിൻസി കണ്ടത്. ഭർത്താവിന്റെ ആഗ്രഹം തീവ്രമാണെന്ന് അറിഞ്ഞതോടെ ലിൻസിയും സീരിയസായി. എൻട്രൻസ് പഠനത്തിനിറങ്ങുമ്പോൾ ആറ് മാസം മാത്രം പ്രായമായിരുന്നു മകന്. ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ആദ്യ ചാൻസിൽ മാർക്ക് കുറഞ്ഞതിനാൽ രണ്ടാം റിപ്പീറ്റിന് ഒരുങ്ങവേ ഭർത്താവ് സിജോ ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നതോടെ രണ്ട് വർഷം പഠനം ഉപേക്ഷിച്ചു. വീണ്ടും കോച്ചിങിന് ചേരാൻ എത്തിയപ്പോൾ രണ്ട് മാസം ഗർഭിണിയായിരുന്നു. അധ്യാപകരും പ്രിയപ്പെട്ടവരും ആശങ്ക പങ്കുവച്ചെങ്കിലും പഠനം തുടരാനായിരുന്നു തീരുമാനം. സെന്ററിനോട് ചേർന്ന് വീട് വാടകയ്ക്കെടുത്ത് താമസിച്ചു. അക്കൊല്ലവും സീറ്റ് ലഭിച്ചില്ലെങ്കിലും പഠനം തുടർന്നു. എംബിബിഎസിന് മുപ്പത് വയസ് പ്രായപരിധിയായിരിക്കെ 2020ൽ, അവസാന ശ്രമത്തിൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കേയാണ് എംബിബിഎസ് പഠനം ആരംഭിച്ചത്. കുടുംബത്തിന്റെ പ്രധാന വരുമാനസ്രോതസ്സായ വള്ളങ്ങൾ കടലെടുത്തതുൾപ്പടെ പ്രതിസന്ധികൾ നേരിട്ടു. അടുത്ത ബന്ധുക്കളായിരുന്നു കുട്ടികളെ നോക്കാൻ ആശ്രയം. താങ്ങാനാവാത്ത ചെലവിനും ബന്ധുക്കൾ കൈത്താങ്ങായി. തികയാത്തത് പലിശയ്ക്ക് വാങ്ങിയാണ് സ്വപ്ന സാക്ഷാത്‌കാരം. ഇതിനിടെ ഇരുവരുടെയും ജീവിതത്തിലേക്ക് മക്കളായ സായംഗയും തൻവീറും കടന്നു വന്നു. എറണാകുളം കൺട്രോൾ റൂമിൽ സിപിഒ ആണ് സിജോ.









0 comments