Deshabhimani

കുടുംബശ്രീയിലെ കടുംവെട്ട്‌: 
ജില്ലയിൽ 160 പേരെ പിരിച്ചുവിടും

Kudumbashree
avatar
സ്വന്തം ലേഖകൻ

Published on Oct 07, 2026, 02:31 AM | 1 min read

കൊച്ചി


ജീവനക്കാരെ പെരുവഴിയിലാക്കി കുടുംബശ്രീയിലും യുഡിഎഫ് സര്‍ക്കാരിന്റെ കടുംവെട്ട്. കുടുംബശ്രീ ഓഫീസുകളില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. നിലവിലുള്ള കരാര്‍ കാലാവധി നീട്ടിനല്‍കില്ലെന്നും ഡിസംബര്‍ 31ഓടെ പുറത്തുപോകേണ്ടിവരുമെന്നുമാണ് അറിയിച്ചിട്ടുള്ളത്‌. ജില്ലയില്‍ 160 ലേറെ കരാര്‍ ജീവനക്കാരാണ്‌ വഴിയാധാരമാകുക. 102 സിഡിഎസ് അക്കൗണ്ടന്റുമാര്‍, 56 ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.


കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പിലും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും ദാരിദ്ര്യനിർമാർജന പദ്ധതികളിലും വർഷങ്ങളായി പ്രവർത്തിച്ചുവരുന്നവരാണിവർ. കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെയും താളം തെറ്റിക്കും. കുടുംബശ്രീയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിധേയമാക്കി സ്വതന്ത്ര പ്രവർത്തനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമുയരുന്നു.


കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പിന്നിൽ വർഷങ്ങളായി സേവനം ചെയ്യുന്ന ജീവനക്കാരുടെ പങ്ക് നിർണായകമാണ്. പരിചയസമ്പന്നരായ ജീവനക്കാരെ പുറത്താക്കി കുടുംബശ്രീയെ ദുർബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കരാർ പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ കാരണങ്ങളും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യമുയരുന്നു.

വർഷങ്ങളായി കുടുംബശ്രീയെ ആശ്രയിച്ച് ജോലി ചെയ്തിരുന്നവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ തള്ളിവിടുന്നത്‌. തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ തന്നെ ജീവനക്കാരെ പെരുവഴിയിലാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും ജീവനക്കാര്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home