Deshabhimani

എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച 
5 കെഎസ്-യു നേതാക്കൾക്കെതിരെ കേസെടുത്തു

Case registered against KSU leaders.

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ ആശുപത്രിയിൽ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 02:36 AM | 1 min read

പറവൂർ


കേസരി ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെഎസ്-യു നേതാക്കളുടെ റാഗിങ് ചോദ്യംചെയ്തതിന് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കെഎസ്-യു നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കോളേജ് യൂണിയൻ ചെയർമാൻ സിബിൻ ബെന്നി, കെഎസ്-യു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ശ്രീശാന്ത്, അലൻ, ആദർശ്, റെയോൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്.


തിങ്കൾ വൈകിട്ട് ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം പി എസ് കാശിനാഥ്, കെ അർജുൻ എന്നിവർ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാശിനാഥിന്റെ മുഖത്തെ എല്ലിനും, കെ അർജുന്റെ മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്. ഇരുവർക്കും ശസ്ത്രക്രിയ വേണ്ടിവരും. കെഎസ്-യു പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് തിങ്കൾ രാത്രി തന്നെ കേസെടുത്തിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസും കോൺഗ്രസ് നേതൃത്വവും ഇടപെട്ടതിനെ തുടർന്ന് കൂടുതൽ എസ്എഫ്ഐ പ്രവർത്തകരെ പ്രതിചേർക്കാനാണ് പൊലീസിന്റെ ശ്രമം. ഭരണത്തിന്റെ സ്വാധീനത്തിൽ നിരപരാധികളെ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ പറഞ്ഞു. പരിക്കേറ്റവരെ സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ ആശുപത്രിയിൽ സന്ദർശിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിലും കള്ളക്കേസുകൾ ചുമത്തുന്നതിലും പ്രതിഷേധിച്ച് പറവൂർ നഗരത്തിൽ പ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home