Deshabhimani

ശുചിമുറി സമുച്ചയത്തിന് സ്‌റ്റോപ്പ് മെമ്മോ

ടൂറിസംവകുപ്പിന് റവന്യൂവകുപ്പിന്റെ ചെക്ക്

revenue department

ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത്‌ റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ 
ടൂറിസംവകുപ്പിന്റെ ശുചിമുറി നിർമാണം

വെബ് ഡെസ്ക്

Published on Oct 07, 2026, 02:28 AM | 1 min read

മട്ടാഞ്ചേരി


ടൂറിസം മേഖലയായ ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസംവകുപ്പ് നിര്‍മിക്കുന്ന ശുചിമുറി സമുച്ചയത്തിന് റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. വകുപ്പ് അറിയാതെ റവന്യൂ ഭൂമിയില്‍ ശുചിമുറിയും യോഗ കേന്ദ്രവും നിര്‍മാണം തുടങ്ങിയതിനാലാണ്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയതെന്ന് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍ പറഞ്ഞു.


ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശുചിമുറിസംവിധാനം വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ടൂറിസംവകുപ്പ് നിര്‍മാണം ആരംഭിച്ചത്. നിര്‍മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മാണച്ചുമതല. നിര്‍മാണത്തിന് കൊച്ചി നഗരസഭയുടെ അനുമതിയില്ലെന്ന ആക്ഷേപവും ചരിത്രസ്മാരകമായ ഡച്ച് സെമിത്തേരിയുടെ 300 മീറ്ററിനുള്ളിലാണ് നിര്‍മാണമെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് റവന്യൂവകുപ്പ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ടൂറിസംവകുപ്പിന് ശുചിമുറി നിര്‍മാണത്തിനായി റവന്യൂവകുപ്പ് ഫോര്‍ട്ട് കൊച്ചിയില്‍ മറ്റൊരു സ്ഥലം അനുവദിച്ചിരുന്നു. അവിടെ നിര്‍മാണം നടത്താമെന്നിരിക്കെയാണ് കടപ്പുറത്തെ പ്രധാനയിടത്ത് നിര്‍മാണം ആരംഭിച്ചത്. ഠാക്കൂര്‍ ഹൗസിന് പിന്നിലെ 10 സെന്റില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറി നിര്‍മിക്കാന്‍ നേരത്തേതന്നെ പദ്ധതിയുണ്ടായിരുന്നതാണ്.


അതേസമയം ബിപിസിഎല്ലിന്റെ പൊതുനന്മ ഫണ്ട് വിനിയോഗിച്ച് കൊച്ചി നഗരസഭയുടെ സി ഹെഡ് നിര്‍മിച്ച ശുചിമുറി ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ള കണക്‌ഷന്‍ ലഭിക്കാത്തതാണ് കാരണം.


പ്രീ ഫാബ്‌ രീതിയിൽ നിർമിച്ച സമുച്ചയത്തിലൊന്ന് ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമന്‍ മൈതാനത്ത്‌ തള്ളിയനിലയിലുമാണ്. ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ചില്‍ തകര്‍ന്നുകിടക്കുന്ന നഗരസഭയുടെ ശുചിമുറിക്കെട്ടിടം നവീകരിക്കാനും നടപടിയില്ല. ഈ ശുചിമുറികള്‍ ഉടൻ പ്രവർത്തനം ആരംഭിച്ച് സഞ്ചാരികൾക്ക് ഉപയോഗത്തിന് നൽകണമെന്ന് യുവവെളിച്ചം സാമൂഹ്യ സാംസ്കാരികവേദി സെക്രട്ടറി ബാബു ഐസക് ജോൺ ആവശ്യപ്പട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home