തെക്കേനട റോഡ് പുനർനിർമാണം 3 ആഴ്‍ചയ്‍ക്കകം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട റോഡിന്റെ നിർമാണപുരോഗതി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ്‌കുമാർ വിലയിരുത്തുന്നു
ചെങ്ങന്നൂർ
ചെങ്ങന്നൂർ മഹാദേവക്ഷേത്ര തെക്കേനട റോഡ് പുനർനിർമാണം മൂന്ന് ആഴ്‍ചയ്‍ക്കകം പൂർത്തീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ്‌കുമാർ അറിയിച്ചു. തെക്കേനട റോഡ് നിർമാണം വൈകുന്നതിനെക്കുറിച്ച് ദേശാഭിമാനി ഗ്രാമഫോൺ പംക്തിയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സന്തോഷ്‌കുമാർ. ദേവസ്വം ബോർഡ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് പ്രധാന പരിഗണന നൽകുന്നുണ്ട്. വർഷങ്ങളായി തകർന്നുകിടന്ന റോഡ് വാഹന, കാൽനട യാത്രക്കാർക്കുള്‍പ്പെടെ അപകടഭീഷണിയായിരുന്നു. വ്യക്തികളുടേതുൾപ്പെടെ മതിലുകൾ നീക്കി 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. ഭക്തജനങ്ങളുടെ സൗകര്യമുൾപ്പെടെ റോഡ് പുനർനിർമാണത്തിനായി സജി ചെറിയാൻ എംഎൽഎയും നിർദേശങ്ങൾ നൽകിയിരുന്നു. ക്ഷേത്രത്തിലെ ഊട്ടുപുര 13.5 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ചു. മണ്ഡല മകരവിളക്ക് മുന്നോടിയായി ശുചിമുറി ബ്ലോക്കിന്റെ നവീകരണത്തിന് 19 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ പൂർത്തീകരിച്ചു. ഉമാമഹേശ്വര പൂജ മണ്ഡപ അറ്റകുറ്റപ്പണികൾക്കായി ഒൻപത് ലക്ഷം രൂപയുടെ ടെൻഡർ പൂർത്തിയായി. നാലു ലക്ഷം രൂപ ചെലവഴിച്ച് ശ്രീകോവിലിലെ അഭിഷേക തീർഥ നിർഗമനമാർഗം നിർമാണം അവസാനഘട്ടത്തിലാണ്. ചുറ്റുവിളക്കുകൾ പുനർനിർമിക്കുന്നതിന് 89 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന് സമർപ്പിച്ചുണ്ട്. അനുവാദം ലഭിക്കുന്ന മുറയ്‌ക്ക് നിർമാണം ആരംഭിക്കും. മിത്രപ്പുഴക്കടവിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ഇറിഗേഷൻവകുപ്പിന് നിർദേശം നൽകിയതായും അഡ്വ. പി ഡി സന്തോഷ്‌കുമാർ അറിയിച്ചു.









0 comments