മാലിന്യസംഭരണകേന്ദ്രമായി ഫോര്‍ട്ട് കൊച്ചി കടപ്പുറം

ഫോര്‍ട്ട് കൊച്ചി കടപ്പുറത്തും ഹെല്‍ത്ത് ഓഫീസിലും മാലിന്യങ്ങള്‍ സംഭരിച്ചുവച്ചനിലയില്‍
മട്ടാഞ്ചേരി
ഫോര്‍ട്ട് കൊച്ചി കടപ്പുറവും പരിസരവും മാലിന്യസംഭരണകേന്ദ്രമായി. കോർപറേഷൻ ശുചീകരണവിഭാഗം തൊഴിലാളികളും വിവിധ സംഘടനകളും ശേഖരിക്കുന്ന മാലിന്യം ഇപ്പോള്‍ കടപ്പുറത്തെ പലയിടങ്ങളിലായി സൂക്ഷിച്ചുവെയ്ക്കുന്ന സാഹചര്യമാണ്. ഒരുമാസംമുമ്പുവരെ വളരെ മനോഹരമായിരുന്ന കോർപറേഷൻ ഫോര്‍ട്ട് കൊച്ചി ആരോഗ്യവിഭാഗം ഓഫീസ് വളപ്പും ഇപ്പോള്‍ മാലിന്യകൂമ്പാരം കൊണ്ടുനിറയുന്ന സാഹചര്യമാണ്.
ഇവിടെ മാലിന്യം ശേഖരിച്ചുവെയ്ക്കുന്ന കണ്ടയ്നര്‍ നിറഞ്ഞ് പുറത്തും മാലിന്യം സംഭരിയ്ക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് മാലിന്യം നീക്കി ശുചീകരിച്ച് പാഴ്‌വസ്തുക്കള്‍കൊണ്ട് വിവിധ രൂപങ്ങള്‍ സൃഷ്ടിച്ച് മനോഹരമാക്കിയ ആരോഗ്യവിഭാഗം ഓഫീസ് വളപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ ഓഫീസ് വളപ്പാണ് ഇപ്പോള്‍ മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നത്. മാലിന്യങ്ങള്‍ അതാത് സമയംകൊണ്ട് പോകാന്‍ ആവശ്യത്തിന് നഗരസഭ വാഹനങ്ങള്‍ എത്തുന്നില്ല. ദിവസം ഒരു ലോറി മാത്രമാണ് എത്തുന്നത്.
വലിയ രീതിയില്‍ മാലിന്യം വരുന്ന ഫോര്‍ട്ട് കൊച്ചി ടൂറിസം മേഖലയില്‍ കുറഞ്ഞത് രണ്ട് ലോറിയെങ്കിലും ഒരുദിവസം വേണം. സ്വകാര്യ ഏജന്‍സിയാണ് മാലിന്യങ്ങള്‍ ലോറിയില്‍ നീക്കം ചെയ്യുന്നത്. ഇവര്‍ക്ക് കോർപറേഷൻ ഫണ്ട് നല്‍കുന്നതില്‍ വരുന്ന കാലതാമസമാണ് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ അലംഭാവം കാണിക്കാന്‍ കാരണമെന്നാണ് വിവരം. ഈ സാഹചര്യം തുടർന്നാല്‍ ഫോര്‍ട്ട് കൊച്ചി ടൂറിസം കേന്ദ്രത്തില്‍ പലയിടങ്ങളിലും മാലിന്യമല രൂപപ്പെടും.









0 comments