Deshabhimani

കൂടത്തിൽ കൊലപാതകം

ഭൂമി ആർഎസ്‌എസ്‌ കൈവശപ്പെടുത്തിയത്‌ അന്വേഷിക്കണം: വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2026, 11:32 PM | 1 min read

തിരുവനന്തപുരം

കാലടിയിലെ കൂടത്തിൽ കുടുംബത്തിലെ സ്വർണാഭരണങ്ങളും വെങ്കലപാത്രങ്ങളും ഫർണിച്ചറുകളുമടക്കം കോടികൾ വിലമതിക്കുന്ന വസ്തുവകകൾ നഷ്ടപ്പെട്ടതിൽ അന്വേഷണം വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി. കൂടത്തിൽ കുടുംബത്തിൽ ഒടുവിൽ നടന്ന ജയമാധവൻനായരുടെ മരണം കൊലപാതകമെന്ന് തെളിയുകയും പ്രതി അറസ്റ്റിലാകുകയും ചെയ്‌തു. മറ്റ് മരണങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷണം നടത്തണം. കാലടിയിലെ ബോധാനന്ദ ആശ്രമത്തിനുസമീപമായി കേസിലെ പ്രതി കൂടത്തിൽ കുടുംബത്തിൽനിന്ന്‌ തട്ടിയെടുത്ത എട്ട്‌ സെന്റ് ഭൂമി ആർഎസ്എസിന്റെ മിത്രാനന്ദപുരത്തെ ശക്തിനിവാസ് എന്ന വിലാസത്തിൽ വിലയാധാരം നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഏകദേശം രണ്ട് കോടി വിലമതിക്കുന്ന ഈ ഭൂമി എട്ട് ലക്ഷം രൂപയ്ക്കാണ് വിലയാധാരം ചെയ്തതായി കാണുന്നത്. ഈ തറവാട്ടിലെ നിഗൂഢമരണങ്ങളും ഭൂമിതട്ടിയെടുക്കലും സംബന്ധിച്ച വിഷയങ്ങളും നേരിട്ട് അറിയാമായിരുന്ന ആർഎസ്എസ് നേതാക്കൾ കാര്യസ്ഥൻ രവീന്ദ്രൻനായരെ ബ്ലാക്ക്മെയിൽ നടത്തി തട്ടിയെടുത്തതാണെന്ന ആരോപണവും അന്വേഷിക്കണമെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. കാലടിയിലെ താമരത്ത് 72 സെന്റ് ഭൂമി ആർഎസ്എസ് ശാഖാ പ്രവർത്തനത്തിന് കൈയടക്കി വച്ചിട്ടുണ്ട്. കാലടി-കുളത്തറിയിൽ ചെറുപഴിഞ്ഞി ക്ഷേത്രത്തിനോട് ചേർന്ന 35 സെന്റ് ഭൂമി ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘടനയുടെ കൈവശമാണ്‌. ഇത് സംബന്ധിച്ചും അന്വേഷണം വേണം. ഇത്തരത്തിൽ അവകാശികൾ ഇല്ലാത്ത കൂടത്തിൽ കുടുംബത്തിലെ ഏകദേശം 500 കോടിയോളം വിലമതിക്കുന്ന വിവിധ പ്രദേശങ്ങളിലുള്ള വസ്തുവകകൾ കൈയേറ്റക്കാരിൽനിന്ന്‌ ഒഴിപ്പിക്കേണ്ടതും അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ റിസീവർ ഭരണത്തിനുകീഴിൽ കൊണ്ടുവരേണ്ടതുമാണെന്നും ശിവൻകുട്ടി പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എസ്‌ ജയിൽകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home