വളമംഗലം സ്കൂളിനെതിരായ അപകീര്ത്തി പ്രചാരണങ്ങൾ അവസാനിപ്പിക്കണം: സിപിഐ എം

തുറവൂർ
വളമംഗലം എസ്-സിഎസ് ഹയർ സെക്കൻഡറി സ്കൂളിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ എം അരൂർ ഏരിയ കമ്മിറ്റി. സഹകരണ മേഖലയിലെ മികവിന്റെ കേന്ദ്രമാണ് വളമംഗലം സ്കൂൾ. 2014 മുതൽ എസ്എസ്എൽസിക്ക് തുടർച്ചയായി 100 ശതമാനം വിജയവും ഉയർന്ന ഗ്രേഡുകളും നേടി. അക്കാദമിക രംഗത്തും ഭൗതിക സാഹചര്യങ്ങളിലും വലിയ മുന്നേറ്റമാണ് സ്കൂൾ ഉണ്ടാക്കിയത്. ഇതിൽ വിറളിപൂണ്ട സംഘപരിവാർ -കോൺഗ്രസ് രാഷ്ട്രീയപാർടികൾ സ്കൂളിനെ തകർക്കാന് അപകീർത്തി പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ഹയർസെക്കൻഡറി വിഭാഗത്തിലെ ചില കുട്ടികളുടെ ഭാഗത്ത് നിന്ന് സ്കൂൾ മാനേജറോട് അപക്വമായ പെരുമാറ്റങ്ങൾ ഉണ്ടായി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ അവ പരിഹരിച്ചു. എന്നാൽ വീണ്ടും സ്കൂളിനെ പൊതുജനങ്ങളുടെ മുന്നിൽ മോശമായി അവതരിപ്പിക്കാന് ബിജെപിയും കോൺഗ്രസും സ്കൂളിനു മുന്നിൽ മൈക്ക് വച്ച് പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ നടത്തുകയുമാണ്. സിപിഐ എമ്മിനെതിരെയും വാർത്തകൾ പ്രചരിക്കുന്നു. ഇത് അവാസ്തവവും സത്യത്തിന് നിരക്കാത്തതുമാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് അവാസ്തവ പ്രചാരണങ്ങള്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്ന് ഏരിയ സെക്രട്ടറി എൻ പി ഷിബു വാര്ത്താക്കുറിപ്പില് അറിയിച്ചു.









0 comments