കിഫ്ബിയെ തകർക്കൽ ജനദ്രോഹ നീക്കം

പണമില്ല എന്ന കാരണത്താൽ, കേരളത്തിന് സ്വപ്നം കാണാൻപോലും കഴിയാത്തവയെ യാഥാർഥ്യമാക്കാനാകുമെന്ന് തെളിയിച്ചത് കഴിഞ്ഞ 10 വർഷത്തിനിടയിലാണ്. ഉപേക്ഷിച്ചുപോയ ദേശീയപാത നിർമാണം പൂർത്തീകരണത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെമാത്രമല്ല, രാജ്യത്തിന്റെതന്നെ കവാടമായി മാറി. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ ഹൈടെക്കായി, സ്വകാര്യ വൻകിട ആശുപത്രികളെ വെല്ലുന്നതരത്തിൽ സർക്കാർ ആശുപത്രികൾക്ക് കെട്ടിടങ്ങളായി, റോഡുകൾ, പാലങ്ങൾ, ജലഗതാഗതം, ജലവിതരണ പദ്ധതികൾ, ഐടി ഇടനാഴികൾ– എന്നിങ്ങനെ കേരളത്തിന്റെ മുഖച്ഛായതന്നെ മാറി. യുഡിഎഫ് സർക്കാരിന്റെ നിലപാട് കാരണം ഇനി എന്താകുമെന്ന ആശങ്ക ഉയരുകയാണ്.
ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് സാധ്യമാകുമായിരുന്നവ ഇപ്പോഴേ നടപ്പായതിന് കാരണം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) എന്ന ധനവകുപ്പിനുകീഴിലുള്ള സ്ഥാപനമാണ്. കടുത്ത രാഷ്ട്രീയപ്പക കാരണം അതിനെ കഴുത്തുഞെരിച്ച് ഇല്ലാതാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ താൽപ്പര്യത്തിന് കേരളം കനത്ത വില നൽകേണ്ടിവരുമെന്ന് ഉറപ്പാണ്. സംസ്ഥാന ബജറ്റിലെ പരിമിതമായ പണംകൊണ്ടുമാത്രം അടിസ്ഥാനസൗകര്യമേഖലയിൽ വികസനം സാധ്യമാകില്ല എന്നതിനാലാണ് കിഫ്ബിയെ ഉപയോഗപ്പെടുത്താൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അന്ന് കിഫ്ബിയെടുക്കുന്ന വായ്പകളെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ പെടുത്തിയിരുന്നില്ല. വികസനമേഖലയിലെ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റത്തിന് കാരണം കിഫ്ബിയാണെന്ന് മനസ്സിലാക്കിയ കേന്ദ്രസർക്കാർ അതിന് കടിഞ്ഞാണിടാൻ സംസ്ഥാനത്തിന്റെ വായ്പപരിധിയിലേക്ക് പെടുത്തുകയായിരുന്നു. കേരളത്തിനോട് ശരിക്കും രാഷ്ട്രീയവിവേചനമായിരുന്നു കേന്ദ്രസർക്കാരിന്. സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കാനുള്ള ഇൗ നെറികെട്ട നയത്തെ ഒരു പ്രതിഷേധക്കുറിപ്പുകൊണ്ടുപോലും എതിർക്കാൻ അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് തയ്യാറായില്ല; എന്നുമാത്രമല്ല, കേന്ദ്രനിലപാടിനൊപ്പം ചേർന്ന് സംസ്ഥാനത്തെ അവഹേളിക്കാനും ശ്രമിക്കുകയായിരുന്നു.
അധികാരത്തിൽ എത്തിയതോടെ, എങ്ങനെയെങ്കിലും കിഫ്ബിയെ പൂട്ടിക്കെട്ടണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു യുഡിഎഫ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് സാധൂകരണം കണ്ടെത്താനാണ് വിദഗ്ധസമിതിയുടെ പേരിൽ തയ്യാറാക്കിയ റിപ്പോർട്ട്. കിഫ്ബിയുമായി ഇനി മുന്നോട്ടില്ലെന്ന് ഉറപ്പാണ്. അതിനാണ് അടിമുടി ക്രമക്കേട് എന്ന വ്യാഖ്യാനം. ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. തിരിച്ചടവ് മുടങ്ങിയതായി പറയുന്നില്ല. സ്ഥലമെടുപ്പ് കൂടിപ്പോയി എന്നാണ് ‘വിദഗ്ധ കണ്ടെത്തൽ’. സ്ഥലം ഏറ്റെടുക്കുന്നത് സർക്കാരാണ്. കിഫ്ബി എന്ന ധനകാര്യ ഏജൻസി അതിന് ഫണ്ട് കൈമാറുന്നു. മാത്രമല്ല, സ്ഥലം ഏറ്റെടുക്കാൻ കൂടുതൽ പണം നൽകിയെന്നൊക്കെ പറയുന്നത് അസംബന്ധമാണ്. സർക്കാർ ആവശ്യങ്ങൾക്ക് സ്ഥലം ഏറ്റെടുമ്പോൾ ഉടമയ്ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട്. കിഫ്ബിവഴി 6000 കോടി രൂപ നൽകിയിരുന്നില്ലെങ്കിൽ ദേശീയപാത വികസനം സാധ്യമാകുമായിരുന്നില്ല. സ്കൂളുകളും ആശുപത്രികളും പാലങ്ങളും റോഡുകളും നിർമിച്ചത് സർക്കാരിന്റെ നിലവിലുള്ള രീതികൾക്കനുസരിച്ചാണ്. അതിനുള്ള പണം കണ്ടെത്തിയത് കിഫ്ബിയാണ്. തിരിച്ചടവിനുള്ള സംവിധാനം നിയമസഭ അംഗീകരിച്ചതാണ്. അതിനെയാണ് വിദഗ്ധസമിതി ചോദ്യംചെയ്യുന്നത്.
സെസ് ആയി പിരിച്ചെടുത്ത് കിഫ്ബിക്ക് നൽകിയ പണം മുഴുവൻ തിരിച്ചടവിന് ഉപയോഗിച്ചുവെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ. ഇൗ പണം വായ്പ തിരിച്ചടവിനാണെന്ന് നിയമസഭാ തീരുമാനമുണ്ട്. തിരിച്ചടവിന് ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയെങ്കിൽ ക്രമക്കേടാകുമായിരുന്നു. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാൻ ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമീഷൻ (എഫ്ടിഎസി) എന്ന സംവിധാനമുണ്ട്. മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് കമീഷൻ അധ്യക്ഷൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവർ അംഗങ്ങളായിരുന്നു. സിഎജിയുടെ പരിശോധനയില്ല എന്ന വാദവും തെറ്റ്. സിഎജി ആക്ട് 1971-ലെ സെക്ഷൻ 14(1) പ്രകാരം സർക്കാരിൽനിന്ന് ധനസഹായം ലഭിക്കുന്ന സ്ഥാപനം എന്നനിലയിൽ കിഫ്ബിയുടെ വരവുചെലവുകൾ സിഎജി പരിശോധിക്കുന്നുണ്ട്.
കിഫ്ബിക്കെതിരായ നീക്കത്തിനുപിന്നിൽ സ്വകാര്യ കോർപറേറ്റ് കമ്പനികളോടുള്ള സർക്കാരിന്റെ താൽപ്പര്യവുമുണ്ട്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതാക്കിയതും ഡസൻകണക്കിന് പുതിയ പാലങ്ങൾ കെട്ടിയതും കോർപറേറ്റ് ആശുപത്രികളെ വെല്ലുന്ന നിലയിലേക്ക് സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികൾ മാറിയതും കിഫ്ബിയുടെ ചിറകിലാണ്. അല്ലെങ്കിൽ പല മേഖലകളിലും ജനങ്ങൾ അരികുവൽക്കരിക്കപ്പെട്ടവരായി തുടർന്നേനെ. രോഗികൾ തിരിഞ്ഞുനോക്കാത്ത സ്ഥാപനങ്ങളായി സർക്കാർ ആശുപത്രികൾ തുടർന്നേനെ. സ്വകാര്യ ആശുപത്രിഭീമന്മാർ കോൺഗ്രസിന് തെരഞ്ഞെടുപ്പുഫണ്ട് നൽകിയിരുന്നു. സർക്കാർ ആശുപത്രികൾ തകരേണ്ടത് അവരുടെ ആവശ്യമാണ്. സ്വകാര്യകോർപറേറ്റുകൾക്ക് പരവതാനി വിരിക്കാൻ തയ്യാറാകുന്നവർക്ക് കിഫ്ബി എന്ന കേരളത്തിന്റെ ബദൽ തടസ്സമാകും. അതിന് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് പതുക്കെ കൊല്ലുകയേ വഴിയുള്ളൂ. അതാണ് യുഡിഎഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.








0 comments