Deshabhimani

ആലപ്പുഴയുടെ 
തലവര മാറ്റിയ കിഫ്‌ബി

വേമ്പനാട്ടുകായലിന്‌ കുറുകെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും നീളമേറിയ പെരുമ്പളം പാലം
avatar
ഫെബിൻ ജോഷി

Published on Oct 17, 2026, 01:53 AM | 3 min read

ആലപ്പുഴ

പാലങ്ങൾ, റോഡുകൾ, തുറമുഖങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, സ്‌റ്റേഡിയങ്ങൾ... യുഡിഎഫ്‌ സർക്കാർ അവസാനിപ്പിക്കുന്നത്‌ ജില്ലയ്‌ക്ക്‌ പുതിയ വികസന വേഗം സമ്മാനിച്ച കിഫ്‌ബി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെയും മറികടന്ന്‌ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ ആരംഭിച്ച കിഫ്‌ബിയിൽ സമാനതകളില്ലാത്ത പുരോഗതിയാണ്‌ കയറിന്റെ സ്വന്തം നാടിന്‌ നൽകിയത്‌. തീരദേശ ജില്ലയുടെ തലവരതന്നെ മാറ്റിയെഴുതിയ 142 പദ്ധതി കിഫ്‌ബി കരുത്തിലാണ്‌ പൂർത്തിയായതും പുരോഗമിക്കുന്നതും. കുട്ടനാട്‌ കുടിവെള്ള പദ്ധതി, ചെത്തി ഹാർബർ വികസനം, ചെങ്ങന്നൂർ കുടിവെള്ള പദ്ധതി, തീരദേശപാത, ജില്ലാ കോടതിപ്പാലം പുനർനിർമാണം, തീരം കാക്കാൻ പുലിമുട്ടുകൾ, പെരുമ്പളം പാലം തുടങ്ങി നിരവധി പദ്ധതികളിൽ കിഫ്‌ബിയുടെ കൈയൊപ്പ്‌ പതിഞ്ഞു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന 49 സ്‌കൂളാണ്‌ ജില്ലയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിയത്‌. സ്‌മാർട്ട്‌ ക്ലാസ്‌മുറികൾ, പുതിയ കെട്ടിടങ്ങൾ, ശുചിമുറിസമുച്ചയങ്ങൾ, കളിസ്ഥലം തുടങ്ങിയവ ഇങ്ങനെ യാഥാർഥ്യമായി. ആരോഗ്യമേഖലയുടെ ദ്രുതഗതിയിലുള്ള വികസനം, തീരമേഖലയിൽ മത്സ്യവിൽപ്പനകേന്ദ്രങ്ങളുടെ പശ്ചാത്തലവികസനം, തീരദേശ ഹൈവേ അടക്കമുള്ള റോഡുകൾ എന്നിവ അടിസ്ഥാനവിഭാഗത്തിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കി. ​

പടഹാരം പാലം

കേരളത്തിലെ ആദ്യ ‘പാത്ത്‌വേ’ പാലമാണ്‌ പടഹാരം പാലം. പാലത്തിന്റെ ഇരുവശങ്ങളിലുമായി താഴെ 1.70 മീറ്റർ വീതിയുള്ള നടപ്പാത പ്രത്യേകമായുണ്ടെന്നതാണ്‌ സവിശേഷത. രണ്ടുവരിപ്പാതയും കേരളീയ വാസ്‌തുവിദ്യയിൽ ആറ്‌ വാച്ച്‌ ടവറുമുള്ള പടഹാരം പാലം മാർച്ച്‌ ഏഴിന്‌ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. തകഴി–-നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ പൂക്കൈതയാറിന്‌ കുറുകെയുള്ള പാലത്തിന് 453 മീറ്റർ നീളമുണ്ട്. മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ നിലയിൽ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതകളുണ്ട്‌. കിഫ്ബിയിൽ 65.5 കോടി ചെലവിലാണ്‌ കരുവാറ്റ–--കുപ്പപ്പുറം റോഡിൽ പാലം നിർമിച്ചത്‌. ​

നാലുചിറപാലം ​​

ഒരു നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറകേകിയ, കരുവാറ്റ ലീഡിങ് ചാനലിന് കുറുകെ തോട്ടപ്പള്ളി നാലുചിറ പാലം 2025 ഒക്‌ടോബർ 27ന്‌ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പക്ഷിച്ചിറകിന്റെ മാതൃകയിലാണ്‌ പാലം നിർമിച്ചത്‌. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. എസ്‌റ്റിമേറ്റ് പുതുക്കി പൂർത്തീകരണത്തിന് രണ്ടാം പിണറായി സർക്കാർ 23.5 കോടി രൂപ കൂടി അനുവദിച്ചു. ആകെ 61.5 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്‌സ്‌ട്രാഡോസ്ഡ് കേബിൾ സ്‌റ്റേയ്ഡ് എന്ന നൂതന സാങ്കേതികവിദ്യയിലാണ്‌ നിർമാണം. ​

പെരുമ്പളം പാലം

വേമ്പനാട്ടുകായലിന്‌ കുറുകെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും നീളമേറിയ പാലം എന്ന ഖ്യാതി പെരുമ്പളം പാലത്തിന്‌ സ്വന്തമാണ്‌. 1.157 കിലോമീറ്ററാണ്‌ നീളം. വീതി 11 മീറ്റർ. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്‌. ​കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാൽ ജലയാനങ്ങൾക്ക്‌ തടസമില്ലാതെ മൂന്ന്‌ സ്‌പാൻ തൂണുകൾ ഒഴിവാക്കി നടുവിൽ ‘ബോസ്‌ട്രിങ്‌ ആർച്ച്‌’ മാതൃകയിലാണ്‌ നിർമാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റർ നീളത്തിൽ അപ്രോച്ച്‌ റോഡുകൾ ഉണ്ടാകും. ഇരുവശത്തും ഓരോ മീറ്റർ നടപ്പാതയും കാനയും ഉൾപ്പെടെ 9.5 മീറ്ററാണ്‌ അപ്രോച്ച്‌ റോഡിന്റെ വീതി. കി-ഫ്‌ബിയിൽനിന്ന്‌ 106 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ​

നാൽപ്പാലം – 
 17.82 കോടി

ആലപ്പുഴയിൽ താരപരിവേഷമേറിയതും നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതുമാണ്‌ നാൽപ്പാലം (പഴയ മുപ്പാലം). നഗരത്തിലെ ആകർഷണങ്ങളിലൊന്ന്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ നാല് പാലങ്ങളായി പുനർനിർമിക്കാൻ തീരുമാനിച്ചത്‌. കിഫ്‌ബിയിൽ 17.82 കോടി ചെലവാക്കിയാണ്‌ നിർമിച്ചത്‌. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റും കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. പാലത്തിന്റെ കിഴക്ക് വശത്ത് തെക്ക് വടക്കായി എസ്‌പി ഓഫീസിന്റെ മുന്നിൽനിന്ന്‌ സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലംകൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായത്. ​

നിർമാണം 
പുരോഗമിക്കുന്നവ ​

ജില്ലാകോടതി പാലം 


120.54 കോടി ആലപ്പുഴ നഗരമധ്യത്തിൽ ജില്ലാ കോടതിപാലം കിഫ്‌ബിയിൽ അനുവദിച്ച 120.54 കോടി രൂപ ചെലവഴിച്ചാണ്‌ പുതുക്കിപ്പണിയുന്നത്‌. റൗണ്ട്‌ രൂപത്തിലാണ്‌ പുതിയപാലം ഉയരുന്നത്‌. പാലം പണി പുരോഗമിക്കുകയാണ്‌. ​

പുന്നമടപ്പാലം 


25 കോടി പുന്നമടയാറിന് കുറുകെ 384.1 മീറ്റർ നീളത്തിലാണ്‌. നെഹ്റുട്രോഫി വാർഡ്‌, കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും നഗരത്തിലേക്കുള്ള യാത്രാദുരിതത്തിന്‌ പരിഹാരമാകും. 2016-–-17 വർഷത്തെ ബ‌ജറ്റിൽ 25 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ മുനിസിപ്പാലിറ്റി പുന്നമട വാർഡിനെയും നെഹ്റുട്രോഫി വാർഡിനെയുമാണ്‌ ബന്ധിപ്പിക്കുന്നത്‌. തണ്ണീർമുക്കം–-ആലപ്പുഴ റോഡിൽനിന്ന്‌ ആലപ്പുഴ ടൗണിൽ കയറാതെ എ സി റോഡിൽ എത്താനും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വിഭാവനംചെയ്‌ത പള്ളാത്തുരുത്തി കിഴക്കൻ ബൈപാസിന്റെ അലൈൻമെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമട പാലം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home