print edition നോക്കുകുത്തിയായി കോൺഗ്രസ് സർക്കാർ; ബംഗളൂരുവിൽ 40% വോട്ടർമാർ പുറത്ത്

ബംഗളൂരു : കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) അവസാന ഘട്ടത്തിലേക്ക് കടക്കവെ തലസ്ഥാനമായ ബംഗളൂരുവിൽ 40 ശതമാനം പേരും പട്ടികയ്ക്ക് പുറത്ത്. നഗരത്തിലെ വോട്ടർമാരുടെ എണ്ണം ഒരു കോടിയിൽനിന്ന് 59 ലക്ഷമായി കുറയുമെന്നാണ് റിപ്പോർട്ട്.
പുതിയ കരട് വോട്ടർപട്ടികയിൽ 56.90 ലക്ഷം വോട്ടർമാരെയുള്ളൂവെന്ന് ബംഗളൂരു അർബൻ ഡിസ്ട്രിക്ട് ഇലക്ടറൽ ഓഫീസർ മഹേശ്വർ റാവു പറഞ്ഞു. ഫോം 7, 8 അപേക്ഷകളുടെ പരിശോധന കഴിഞ്ഞാൽ രണ്ട് ലക്ഷത്തോളം വോട്ടർമാർകൂടി പട്ടികയിൽ ഉൾപ്പെട്ടേക്കും. പട്ടികയിൽനിന്ന് പേരുകൾ വ്യാപകമായി വെട്ടാൻ രാഷ്ട്രീയപ്രേരിതമായി വ്യാജ അപേക്ഷ നൽകുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇത്രയധികംപേർ പുറത്താക്കപ്പെടുന്നത്. ബിജെപിക്കാർ വ്യാജരേഖയുപയോഗിച്ച് വോട്ട് വെട്ടിയിട്ടും ഭരണകക്ഷിയായ കോൺഗ്രസ് നിഷ്ക്രിയം.
43.82 ലക്ഷത്തിലധികം പേർക്ക് നോട്ടീസ് നൽകി. പേരൊഴിവാക്കാൻ 1,55,109 ഫോം7 അപേക്ഷ ലഭിച്ചു. ഇത് പുതിയ അപേക്ഷകർക്കെതിരെയുള്ള ആക്ഷേപങ്ങളല്ലെന്നും മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും പേരുകൾ നീക്കാനുള്ളതാണെന്നുമാണ് വാദം. ക്രമക്കേടും ഇരട്ടിപ്പും ഒഴിവാക്കാനെന്ന പേരിൽ വിലാസം കൃത്യമല്ലാത്തവർ, വിവരങ്ങളിൽ അപാകത ഉള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് നോട്ടീസയച്ചത്. 99.56 ശതമാനം (43,63,459) വോട്ടർമാരുടെയും ഹിയറിങ് പൂർത്തിയായി. 19,365 അപേക്ഷകൾ മാത്രമെ തീർപ്പാക്കാനുള്ളു എന്നാണ് അധികൃതരുടെ വാദം. അന്തിമ വോട്ടർപട്ടിക 27-ന്.








0 comments