റവന്യൂ ജില്ലാ സ്കൂൾ കായികമേള
കരുത്തോടെ മുക്കം

കോഴിക്കോട്
സ്വപ്നങ്ങളുടെ വേഗവും പ്രതീക്ഷകളുടെ കരുത്തുമായി കൗമാരം ട്രാക്കിലിറങ്ങിയതോടെ റവന്യു ജില്ലാ കായികോത്സവത്തിന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. വേഗത്തിന്റെ അതിരുകൾ മായ്ച്ചെഴുതാനും ഉയരങ്ങളുടെ പുതിയ ആകാശങ്ങൾ കീഴടക്കാനും തയ്യാറെടുത്ത് ജില്ലയിലെ കായികപ്രതിഭകൾ മൈതാനത്ത് അണിനിരന്നു. ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 11 സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടി 87 പോയിന്റുമായി മുക്കം സബ്ജില്ലയാണ് ഒന്നാമത്. 32 പോയിന്റുമായി പേരാമ്പ്ര സബ്ജില്ല രണ്ടാമതും 23 പോയിന്റുമായി ചേവായൂർ മൂന്നാമതുമുണ്ട്. ആദ്യദിനത്തിൽ തന്നെ ഒമ്പത് സ്വർണം നേടിയ നിലവിലെ ചാമ്പ്യൻമാരായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് ആണ് സ്കൂളുകളുടെ പട്ടികയിൽ 67 പോയിന്റുമായി ഒന്നാമത്. അഞ്ചു വെള്ളിയും നാല് വെങ്കലവും സ്കൂൾ നേടി. 17 പോയിന്റുമായി തലക്കുളത്തൂർ സിഎംഎം എച്ച്എസ് രണ്ടാമതും 16 പോയിന്റ് നേടി കുളത്തുവയൽ സെന്റ് ജോർജസ് എച്ച്എസ്എസ് മൂന്നാമതുമാണ്. മൂന്നുനാൾ നീളുന്ന മേളയിൽ 17 സബ്ജില്ലകളിൽനിന്നായി 3486 കുട്ടികളാണ് പങ്കെടുക്കുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടര് സി എസ് അമൃത പതാക ഉയർത്തിയതോടെ മേളയ്ക്ക് തുടക്കമായി. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, വാർഡ് കൗൺസിലർ ഷീതു, എസ് സുധ, കെ റസീന, മുഹമ്മദ് ഷെരീഫ്, എൻ ആശിഷ്, ഡോ. എം ഷിംജിത്ത്, വി ഷാനവാസ് എന്നിവർ സംസാരിച്ചു. ശനി രാവിലെ ഒമ്പതിന് മേള ആരംഭിക്കും. ഞായർ വൈകിട്ട് സമാപിക്കും.
നോവ് മാഞ്ഞു, ഇനി തങ്കത്തിളക്കം
ഇവിടെ പിഴച്ചാൽ ഇനിയില്ലെന്ന് അവനറിയാമായിരുന്നു. അതിനാൽ, രാപകലില്ലാതെ കഷ്ടപ്പെട്ടു. ഒടുവിൽ കൗമാര കായികമേളയിലെ തന്റെ അവസാന അവസരത്തിൽ മുഹമ്മദ് അഫ്നാസ് തങ്കത്തിൽ ചാലിച്ചൊരു മുദ്രചാർത്തി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഓട്ടത്തിൽ സ്വർണം നേടി അഞ്ചുവർഷത്തെ കാത്തിരിപ്പിനാണ് അവസാനമിട്ടത്. 11.26 സെക്കൻഡാണ് സമയം. വെള്ളിമാട്കുന്ന് ജെഡിടി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ അഫ്നാസ് കഴിഞ്ഞ നാലുവർഷവും ദീർഘദൂര ഓട്ടമത്സരത്തിലാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ തവണ 1500 മീറ്ററിൽ മൂന്നാംസ്ഥാനം നേടിയതായിരുന്നു മികച്ച നേട്ടം. ദീർഘദൂര മത്സരങ്ങളിലേക്കുള്ള പരിശീലനത്തിൽ പരിക്ക് പതിവായതോടെയാണ് മാറിപ്പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തവണ 100, 200, 400 മീറ്റർ മത്സരങ്ങളിലാണ് ഇറങ്ങുന്നത്. ആദ്യ സ്വർണത്തിനൊപ്പം മീറ്റിലെ വേഗതാരമെന്ന നേട്ടത്തോടെയാണ് അടുത്ത ദിവസം നടക്കുന്ന മത്സരങ്ങളിൽ അഫ്നാസിറങ്ങുക. ചെലവൂർ താഴേ മാനൂർ ഷംസുദ്ദീൻ–ഷംന ദമ്പതികളുടെ മകനാണ്.
തിരിച്ചു പിടിച്ചു സ്വപ്നം
ഓരോതവണ ഉയർന്ന് ചാടുമ്പോഴും അഫ്റാസ് അലിയുടെ മനസ്സിൽ സ്വർണമെന്ന സ്വപ്നമായിരുന്നു. കഴിഞ്ഞ രണ്ടുവർഷവും കൈയെത്തും ദൂരത്ത് നഷ്ടമായ ആ സ്വപ്നത്തെ തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് തലക്കുളത്തൂർ സിഎംഎം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി അഫ്റാസ് അലി. ആൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹൈജംപിൽ 1.75 മീറ്റർ ചാടിയാണ് ഒന്നാമത് എത്തിയത്. തന്റെ ആദ്യ കായികമേളയിൽ മൂന്നാമത് എത്തിയെങ്കിലും കഴിഞ്ഞ തവണ മെഡലില്ലാതെ മടങ്ങാനായിരുന്നു വിധി. 2025ൽ നാലാമതായാണ് മത്സരം അവസാനിപ്പിച്ചത്. പക്ഷേ, അവിടെ തളർന്നില്ല. കൂടുതൽ കരുത്തോടെ പോരാടി. ഓരോതവണയും അകന്നുപോയ സ്വപ്നം ഇത്തവണ സ്വന്തമാക്കുകയുംചെയ്തു. അത്തോളി അൽ ബക്കയിൽ തെപ്രിസ്– സൗദത്ത് ദമ്പതികളുടെ മകനാണ്.
വീണ മണ്ണിൽ ഉയിർത്തു
കഴിഞ്ഞ തവണത്തെ അതേ വേദിയിൽ വീണ്ടുമെത്തുമ്പോൾ അൽത്താഫിന്റെ മനസ്സിൽ ആ ഓർമകൾ വീണ്ടും വന്നു. തലകുനിച്ച് മടങ്ങിയ നിമിഷങ്ങൾ ഇത്തവണയുണ്ടാകില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇത്തവണ ആൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹാമർ ത്രോ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞവർഷം ഏറെ പ്രതീക്ഷയോടെ മത്സരിക്കാനെത്തിയെങ്കിലും മൂന്ന് അവസരങ്ങളും ഫൗളായത് മനസ്സിൽ നോവായി നിൽക്കുകയായിരുന്നു. ഇത്തവണ എല്ലാ സങ്കടങ്ങളും മായ്ച്ച് സ്വർണത്തോടെയാണ് മടക്കം. കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ വി എൻ അഫ്നാസ് ഡിസ്കസ് ത്രോയിലും ഇത്തവണ ഇറങ്ങുന്നുണ്ട്. ഇൗങ്ങാപ്പുഴ കുപ്പായക്കോട് വള്ളിക്കുടിയിൽ വി ബി നൗഷാദ്–ബി എം റസീന ദമ്പതികളുടെ മകനാണ്.
സ്നേഹത്തണലിൽ സ്വർണക്കുതിപ്പ്
അച്ഛനും അമ്മയും പകർന്നുതന്ന വിജയമന്ത്രം അവൾ മനഃപാഠമാക്കിയിരുന്നു. അവർ നൽകിയ ഉൗർജം കരുത്താക്കി ഡയോണ കുതിച്ചു. സബ് ജൂനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ ഒന്നാംസ്ഥാനത്തേക്ക്. കായിക വിജയങ്ങളുടെ പെരുമ പേറുന്ന കുടുംബത്തിൽനിന്നാണ് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ഥി ഡയോണ അനൂപിന്റെ വരവ്. അച്ഛന് അനൂപ് പഠനകാലത്ത് ലോങ് ജംപ്, ട്രിപ്പിള് ജംപ് എന്നിവയില് ജേതാവായിരുന്നു. അമ്മ അനില സ്കൂള് പഠനകാലത്ത് 100, 200, 400 മീറ്ററുകളില് വർഷങ്ങളോളം ഒന്നാംസ്ഥാനം നിലനിർത്തിയതാണ്. ഇവർ ഇരുവരും തന്നെയാണ് ഡയോണയ്ക്ക് പരിശീലനം നൽകുന്നതും. നിലവിൽ ഫോട്ടോഗ്രാഫറായ അച്ഛന്റെയും നഴ്സായി ജോലിചെയ്യുന്ന അമ്മയുടെയും നേട്ടങ്ങൾ തന്നെയാണ് ഡയോണയുടെയും കരുത്ത്. കോടഞ്ചേരി ഈരൂടാണ് വീട്. ഇനി 200 മീറ്ററിലും ലോങ് ജംപിലും മത്സരം ബാക്കിയുണ്ട്.
കൈവിടില്ല, ഇൗ സുവർണ നേട്ടം
കഴിഞ്ഞ വർഷംകുറിച്ച സുവർണ നേട്ടത്തിന് ഇരട്ടി തിളക്കം നൽകി പി എസ് ലക്ഷ്മി. എതിരാളികളുടെ വെല്ലുവിളികളെ കാറ്റിൽപ്പറത്തിയാണ് ജൂനിയർ വിഭാഗം ഹാമർ ത്രോയിൽ ലക്ഷ്മി ആധിപത്യം ഉറപ്പിച്ചത്. നാല് വർഷമായി ജില്ലാ കായികമേളയിൽ എത്തുന്നുണ്ടെങ്കിലും കഴിഞ്ഞ തവണയാണ് ആദ്യമായി സ്വർണം നേടുന്നത്. അത് മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്തവണത്തെ വിജയം. തലക്കുളത്തൂർ സിഎംഎം എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ലക്ഷ്മി 36.53 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. അത്തോളി സ്വദേശി കെ എസ് പ്രദീഷിന്റെയും സുനിതയുടെയും മകളാണ്.









0 comments