അരൂരിലും ചന്തിരൂരിലും നടപ്പാത വേണം

അരൂർ
നിർമാണ പ്രവൃത്തി പൂർത്തീകരണത്തിലേക്കടുക്കുന്ന അരൂർ - തുറവൂർ ഉയരപ്പാതയിൽ കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അൽ-അമീൻ പബ്ലിക് സ്കൂളിന് മുന്നിലും അരൂർ പഞ്ചായത്ത് സമുച്ചയത്തിന് മുന്നിലും അടിയന്തരമായി പെഡസ്ട്രിയൻ ക്രോസിങ്ങുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി, കലക്ടർ, ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ, കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടൽ (സിപിജി ആർഎഎംഎസ് ) എന്നിവർക്ക് ഡി വൈഎഫ്ഐ നിവേദനം നൽകി. പ്രീ-പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന അൽ-അമീൻ സ്കൂളിന് മുന്നിൽ ക്രോസിങ് ഇല്ലാത്തതിനാൽ കുട്ടികളും രക്ഷകർത്താക്കളും ദേശീയപാതയിലൂടെ എതിർദിശയിൽ അതീവ അപകടകരമായ രീതിയിൽ ജീവൻ പണയം വച്ചാണ് ദിവസേന സഞ്ചരിക്കുന്നത്. സ്കൂൾ അധികൃതരും പിടിഎയും നൽകിയ അപേക്ഷകൾ സാങ്കേതികത്വം പറഞ്ഞ് തള്ളിക്കളഞ്ഞ ദേശീയ പാത അതോറിറ്റി, ഇതിന്റെ മറുഭാഗത്ത് വാഹനങ്ങൾക്ക് തിരിയാൻ യു-ടേൺ ഡിവൈഡർ ഗ്യാപ്പ് അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് ഹൈവേ അതോറിറ്റിയുടേത്. കൂടാതെ, ദിവസേന ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റോപ്പുകളും പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന അരൂർ പഞ്ചായത്ത് സമുച്ചയത്തിന് മുന്നിലും റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ല.









0 comments