ഇടിക്കൂട്ടിലെ സ്വർണത്തിളക്കമായി മിഥുൻ

മിഥുൻ
തിരുവനന്തപുരം
ശരീരഭാരം കുറയ്‌ക്കാൻ ഡോക്ടറുടെ നിർദേശം കേട്ട് ഇടിക്കൂട്ടിൽ കയറിയ രാജാജി നഗർ സ്വദേശി എ മിഥുൻ സ്വർണമെഡൽ നേട്ടങ്ങളുടെ സ്വന്തക്കാരൻ. കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലാണ് ചാന്പ്യൻഷിപ് നേട്ടം. ഗവ. ആർട്‌സ് കോളേജിൽ എംകോം വിദ്യാർഥിയായ മിഥുൻ കൊല്ലം ടികെഎം കോളേജിൽ നടന്ന മത്സരത്തിലാണ് വിജയിച്ചത്. ബോക്‌സിങ് അസോസിയേഷന്റെ സംസ്ഥാന അമച്വർ ചാന്പ്യൻഷിപ്പിൽ 16 തവണ തുടർച്ചയായി സ്വർണമെഡൽ നേടി. യൂണിവേഴ്‌സിറ്റി തലത്തിൽ തുടർച്ചയായി അഞ്ചുതവണയും ചാന്പ്യനായി. കേരള സർവകലാശാലയെ പ്രതിനിധാനം ചെയ്‌ത് മൂന്ന് തവണ അഖിലേന്ത്യ യൂണിവേഴ്‌സിറ്റി ചാന്പ്യൻഷിപ്പിലും പങ്കെടുത്തു. സ്‌പോർട്‌സ് കൗൺസിൽ മുൻ പരിശീലകൻ ജവഹറിന് കീഴിൽ 12–ാം വയസ്സിലാണ് പരിശീലനം ആരംഭിച്ചത്. ശരീരഭാരം കുറയ്‌ക്കാനുള്ള വഴിമാത്രമായിരുന്നു തുടക്കത്തിൽ ബോക്‌സിങ് പരിശീലനം. പരിശീലകൻ ജവഹറിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് ബോക്‌സിങ്ങിൽ പിടിച്ചുനിർത്തിയതെന്ന് മിഥുൻ പറഞ്ഞു. സ്വന്തമായാണിപ്പോൾ പരിശീലനം തുടരുന്നത്. ഉള്ളൂരിലെ സ്വകാര്യ ട്രെയിനിങ് സെന്ററിൽ ബോക്‌സിങ് കോച്ചായും പ്രവർത്തിക്കുന്നുണ്ട്. പാങ്ങോട് ചന്തയിലെ തൊഴിലാളിയായ അജിയുടെയും ബിആർസിയിലെ താൽക്കാലിക ജീവനക്കാരിയായ മിനിയുടെയും മകനാണ്. സഹോദരി പ്ലസ്‌ടു വിദ്യാർഥിനി സാധിക.









0 comments