Deshabhimani

മണ്ണിന്റെ മണമുള്ള പാട്ടുകാരൻ

അനി പുലാശേരി

അനി പുലാശേരി

avatar
പി കെ സുമേഷ്‌

Published on Oct 27, 2026, 12:24 AM | 1 min read

പട്ടാമ്പി

പാലക്കാടിന്റെ മണ്ണിൽ, പച്ചയായ മനുഷ്യരുടെ വിയർപ്പും ജീവനും തുടിക്കുന്ന നാട്ടറിവുകൾക്ക് സ്വന്തം ശബ്ദം നൽകി രണ്ട് പതിറ്റാണ്ടായി സജീവ സാന്നിധ്യമായി തുടരുകയാണ് കൊപ്പം പുലാശേരി സ്വദേശിയായ കറുവത്തുപറമ്പിൽ അനി പുലാശേരി. കർഷകത്തൊഴിലാളിയായിരുന്ന പരേതനായ രാവുണ്ണിയുടെ മകനായി ജനിച്ച അനി, തന്റെ അച്ഛന്റെ പാരമ്പര്യത്തെയും മണ്ണിന്റെ ഗന്ധത്തെയുമാണ് പാട്ടുകളിലൂടെയും നാട്ടറിവുകളിലൂടെയും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നത്. നാടൻപാട്ടിന്റെ തനതായ സൗന്ദര്യം ചോർന്നുപോകാതെ സംരക്ഷിക്കുകയാണ് ഈ കലാകാരൻ. പുതുമയുള്ള നാടൻപാട്ടുകൾ തേടിപ്പിടിച്ച്, അവയെ തന്റേതായ തനത് ശൈലിയിൽ വേദികളിലെത്തിക്കുന്ന അനി, കുട്ടികൾക്കും യുവാക്കൾക്കും നാട്ടറിവുകളുടെ വലിയൊരു പാഠപുസ്തകംകൂടിയാണ്. സംസ്ഥാന കേരളോത്സവത്തിൽ മൂന്നുതവണ പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് മാറ്റുരച്ചു. ഒരു തവണ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി തന്റെ പ്രതിഭ തെളിയിച്ചു. ഇതിനകം നിരവധി നാടൻപാട്ട് ഓഡിയോ സിഡികളും വീഡിയോ ആൽബങ്ങളും പുറത്തിറക്കാനും സ്വന്തം രചനയിലും സംഗീതത്തിലും പിറന്ന ഗാനങ്ങൾ ആലപിക്കാനും കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ നാടൻപാട്ട് ഇനങ്ങളുടെ വിധികർത്താവായി അദ്ദേഹം പതിവായി എത്തുന്നു. കൂടാതെ നിരവധി സ്കൂളുകളിലും കോളേജുകളിലും നാടൻപാട്ട്‌ മത്സരങ്ങളുടെ പരിശീലകനുമാണ്‌. നാടൻപാട്ട് വാദ്യങ്ങളുടെ താളത്തിനൊപ്പം തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൂടി ചേരുമ്പോൾ വേദികൾ ഇളകിമറിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home