അമരസ്‌മരണയിൽ മാരാരിക്കുളം

മാരാരിക്കുളം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 27, 2026, 01:24 AM | 1 min read
കഞ്ഞിക്കുഴി
പിറന്ന നാടിന്റെ മോചനത്തിന് സ്വന്തം ജീവൻ കൊണ്ട് സമരസാക്ഷ്യമേകിയ മാരാരിക്കുളത്തെ രണധീരർക്ക് നാടിന്റെ സ്മരണാഞ്ജലി. ചെങ്കൊടികളേന്തി ആവേശോജ്വലമായ മുദ്രാവാക്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങൾ മാരാരിക്കുളം രക്തസാക്ഷി സ്മാരകമന്ദിരത്തിന് മുന്നിലെ മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
മാരാരിക്കുളം, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, കണ്ണർകാട്, ചെറുവാരണം, മുഹമ്മ എന്നീ മേഖലാ കമ്മിറ്റികളിലെ വാർഡുതല ജാഥകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. തുടർന്ന് ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു.
സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ സി എസ് സുജാത, ആർ നാസർ, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, എസ് സോളമൻ, സി ബി ചന്ദ്രബാബു, കെ പ്രസാദ് ,പി വി സത്യനേശൻ, പി പി ചിത്തരഞ്ജൻ, വി ജി മോഹനൻ, എ എം ആരിഫ്, കെ ആർ ഭഗീരഥൻ, ദീപ്തി അജയകുമാർ, എസ് രാധാകൃഷ്ണൻ, പ്രഭാ മധു, ആർ ജയസിംഹൻ, ജി വേണുഗോപാൽ, സി കെ സുരേന്ദ്രൻ, ബൈരഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
സമ്മേളനശേഷം ആലപ്പുഴ റെയ്ബാന്റെ ഗാനമേള അരങ്ങേറി.







0 comments