Deshabhimani

വിസ തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഒളിവിൽ

വിസ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനുമുന്നിൽ തട്ടിപ്പിനിരയായവർ
വെബ് ഡെസ്ക്

Published on Oct 27, 2026, 02:06 AM | 1 min read

അഞ്ചാലുംമൂട്

വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിപേരിൽനിന്ന് കോടികൾ തട്ടിയതായി പരാതി. ദേശീയപാതയോരത്തെ കുരിപ്പുഴയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എസ്ര ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപന ഉടമ നീണ്ടകര മേരിലാന്റ് വീട്ടിൽ മേരി ലോപ്പസ് ഒളിവിലാണ്. മരുമകൾ ജോസി സോഫിന്റെ പേരിലാണ് സ്ഥാപനം. തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് പൊലീസെത്തി അടച്ചിട്ടിരുന്ന ഓഫീസ് തുറപ്പിച്ച് പരിശോധന നടത്തി. കുരിപ്പുഴ, ശക്തികുളങ്ങര, നീണ്ടകര പ്രദേശങ്ങളിൽ നിന്നുള്ള എഴുപതോളംപേരിൽ നിന്ന് നാലു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇസ്രായേൽ, ഓസ്ട്രേലിയ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി ഓരോരുത്തരിൽനിന്നും ആറു ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയത്. ഓഫീസിൽ പരിശോധന നടക്കുന്നതറിഞ്ഞ് തട്ടിപ്പിനിരയായവർ കൂട്ടത്തോടെ സ്ഥലത്തെത്തി. രണ്ട് മക്കൾക്ക് ഇസ്രായേലിലേക്ക് വിസ ലഭിക്കാൻ 12 ലക്ഷം രൂപ നൽകിയാളും കൂട്ടത്തിലുണ്ടായിരുന്നു.പരിശോധനയിൽ നിർണായകമായ രേഖകൾ ഒന്നും ലഭിച്ചില്ലെന്നാണ് അറിവ്. കുരീപ്പുഴയിൽ അത്യാധുനിക ഓഫീസും അഞ്ചോളം ജീവനക്കാരും മറ്റ് സംവിധാനങ്ങളും ഒരുക്കിയാണ് മേരി ലോപ്പസ് വിസതട്ടിപ്പിന് കളമൊരുക്കിയത്. തട്ടിപ്പിനിരയായവരിൽ ഭൂരിപക്ഷവും രണ്ടുവർഷം മുമ്പ് പണം നൽകിയവരാണ്. വിസ ഈ മാസംവരും അടുത്ത മാസംവരും എന്നിങ്ങനെ അവധി പറഞ്ഞ് സമയം നീട്ടിക്കൊണ്ടേയിരുന്നു. ഇസ്രായേലിലേക്ക് വിസയും വിമാന ടിക്കറ്റും ശരിയായെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തുവരെ എത്തിച്ച് വഴിയിൽ ഉപേക്ഷിക്കപ്പെട്ടവരും ഉണ്ട്.പണം മടക്കി ചോദിച്ചവരെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്തു. പരാതി നൽകിയാൽ പണം തിരികെ നൽകില്ലെന്ന ഭീഷണിയെ തുടർന്ന് പലരും പരാതി നൽകാൻ ഭയപ്പെട്ട് കഴിയുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം കുരീപ്പുഴ സ്വദേശിയായ സ്ത്രീ അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പരാതിക്കാർ ഓരോരുത്തരായി മുന്നോട്ടുവന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home